ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ്; ലക്ഷങ്ങള്‍ തട്ടിച്ചു

By Web TeamFirst Published Oct 2, 2020, 12:00 AM IST
Highlights

1500 രൂപ യഥാര്‍ത്ഥ ഫീസുള്ളിടത്ത് ഈടാക്കുന്നത് 12,000 മുതല്‍ 15,000 രൂപ വരെ. ഓണ്‍ലൈനില്‍ തുക അടച്ചാല്‍ കാശ് പോകുമെന്ന് മാത്രമല്ല സേവനം ലഭിക്കുകയുമില്ല. യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയാതെ നിരവധി പേരാണ് തട്ടിപ്പില്‍ വീഴുന്നത്.

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷാ ലൈസന്‍സുകളുടെ പേരില്‍ ഇന്‍റര്‍നെറ്റ് വഴി വ്യാപക തട്ടിപ്പ്. വ്യാജ വെബ് സൈറ്റുണ്ടാക്കി ലൈസന്‍സ് നല്‍കാനെന്ന പേരില്‍ തുക ഈടാക്കി ലക്ഷങ്ങളാണ് ഇവര്‍ തട്ടിയെടുക്കുന്നത്.

ഭക്ഷ്യസുരക്ഷാ ലൈസന്‍സുമായി ബന്ധപ്പെട്ട് ഇന്‍റര്‍നെറ്റില്‍ പരതിയാല്‍ ആദ്യം ലഭിക്കുക ഇത്തരം ലിങ്കുകള്‍. പലതും തട്ടിപ്പ് കമ്പനികളുടെ വെബ്സൈറ്റുകള്‍. ഗവണ്‍മെന്‍റ് അഥോറിറ്റിയെന്ന വ്യാജേനയാണ് പ്രവര്‍ത്തനം.

ഒരു വെബ് സൈറ്റില്‍ പേരും മൊബൈല്‍ നമ്പറും നല്‍കിയപ്പോള്‍ വിളിയെത്തി. ഫുഡ് സേഫ്റ്റി ആന്‍റ് സ്റ്റാന്‍റേര്‍ഡ്സ് അഥോറിറ്റി ഓഫ് ഇന്ത്യ അഥവാ എഫ്എസ്എസ്ഐയില്‍ നിന്നാണെന്ന് പറഞ്ഞു കൊണ്ട് തന്നെ. ലൈസന്‍സ് പുതുക്കാനാണെന്ന് പറഞ്ഞപ്പോള്‍ നിലവിലുള്ള എഫ്എസ്എസ്ഐ ലൈസന്‍സ് നമ്പര്‍ ചോദിച്ച് അഡ്രസ് അടക്കമുള്ള മുഴുവന്‍ വിവരങ്ങളും ഇങ്ങോട്ട് പറഞ്ഞു.

ഫോണ്‍സംഭാഷണം കേട്ടാല്‍ എഫ്എസ്എസ്ഐ ഉദ്യോഗസ്ഥനാണെന്ന് ആരും തെറ്റിദ്ധരിക്കും. ഫുഡ് സേഫ്റ്റി ലൈസന്‍സ് പുതുതായി എടുക്കല്‍, പുതുക്കല്‍, മാറ്റംവരുത്തല്‍ തുടങ്ങി എല്ലാ സേവനങ്ങളും ലഭ്യമാണെന്ന് ഇവര്‍. എന്നാല്‍ എഫ്എസ്എസ്ഐയുടെ യഥാര്‍ത്ഥ ഫീസിനേക്കാള്‍ എട്ടു മുതല്‍ പത്ത് മടങ്ങ് അധിക തുകയാണ് ഈ തട്ടിപ്പുകാര്‍ ഈടാക്കുന്നത്. 

1500 രൂപ യഥാര്‍ത്ഥ ഫീസുള്ളിടത്ത് ഈടാക്കുന്നത് 12,000 മുതല്‍ 15,000 രൂപ വരെ. ഓണ്‍ലൈനില്‍ തുക അടച്ചാല്‍ കാശ് പോകുമെന്ന് മാത്രമല്ല സേവനം ലഭിക്കുകയുമില്ല. യഥാര്‍ത്ഥ ഫീസ് എത്രയാണെന്ന് അറിയാതെ നിരവധി പേരാണ് തട്ടിപ്പില്‍ വീഴുന്നത്.

ആളുകളെ വലയില്‍ വീഴ്ത്താനായി ചില വെബ്സൈറ്റുകളില്‍ ഫീസിളവ് ഓഫറുകളുമുണ്ട്. വ്യാജന്മാരെ കരുതിയിരിക്കണമെന്നാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ മുന്നറിയിപ്പ്. കൊവിഡ് കാലമായതിനാല്‍ ഓണ്‍ലൈനിലൂടെ ലൈസന്‍സ് നടപടികള്‍ പൂര്‍ത്തിയാക്കാനായി ശ്രമിക്കുന്ന നിരവധി പേര്‍ക്കാണ് ഇങ്ങനെ പണം നഷ്ടമായത്.

പരാതികള്‍ കുന്നുകൂടുമ്പോള്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നിസ്സഹായരാണ്. വ്യാജ വെബ് സൈറ്റുകള്‍  പ്രവര്‍ത്തിക്കുന്നത് എവിടെ കേന്ദ്രീകരിച്ചാണെന്ന് പോലും കണ്ടെത്താനാകുന്നില്ല. സര്‍ക്കാരുകളുടെ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇനിയും കോടികളുടെ തട്ടിപ്പ് നടക്കും.
 

click me!