ബ്രാഹ്മണ വിരോധം പ്രകടമാക്കുന്ന സമൂഹമാധ്യമങ്ങളിലെ പരാമര്‍ശത്തിന് പിന്നാലെ ദളിത് അഭിഭാഷകനെ കുത്തിക്കൊന്നു

By Web TeamFirst Published Oct 19, 2020, 4:59 PM IST
Highlights

സെപ്തംബര്‍ 25നായിരുന്നു ദേവ്ജി മഹേശ്വരിക്ക് കുത്തേറ്റത്. ഏറെ കാലമായി ദേവ്ജി മഹേശ്വരി ബ്രാഹ്മണ വിരോധം പ്രകടമാക്കുന്ന പോസ്റ്റുകളും വിവരങ്ങളുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നത്. 

സമൂഹമാധ്യമങ്ങളിലെ ബ്രാഹ്മണ വിരോധിയായ പരാമര്‍ശങ്ങളെ തുടര്‍ന്ന് ദളിത് വിഭാഗത്തില്‍ നിന്നുള്ള അഭിഭാഷകനെ കുത്തിക്കൊന്നു. ഗുജറാത്തിലെ കച്ചിലാണ് സംഭവം. ദേവ്ജി മഹേശ്വരി എന്ന അഭിഭാഷകനാണ് കൊല്ലപ്പെട്ടത്. ഏറെ കാലമായി ദേവ്ജി മഹേശ്വരി ബ്രാഹ്മണ വിരോധം പ്രകടമാക്കുന്ന പോസ്റ്റുകളും വിവരങ്ങളുമായിരുന്നു സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നത്. 

സെപ്തംബര്‍ 25നായിരുന്നു ദേവ്ജി മഹേശ്വരിക്ക് കുത്തേറ്റത്. സംഭവത്തില്‍ ഇരുപത്തിരണ്ടുകാരനായ ഭരത് റാവല്‍ എന്ന യുവാവാണ് പിടിയിലായിട്ടുള്ളത്. തന്‍റെ സമുദായത്തേക്കുറിച്ച് തെറ്റിധാരണയുണ്ടാക്കുന്നതാണ് ദേവ്ജിയുടെ സമൂഹമാധ്യമങ്ങളിലെ പരാമര്‍ശങ്ങളെന്നാണ് ഭരത് റാവല്‍ ആരോപിക്കുന്നത്. ഇതിനെക്കുറിച്ച് ദേവ്ജിയുമായി ഭരത് റാവല്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. ഫോണ്‍ വിളികളിലൂടെയുള്ള തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നതെന്നാണ് ദി ക്വിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

കച്ചിന് സമീപമുള്ള റാപര്‍ എന്ന സ്ഥലത്താണ് ഭരത് റാവല്‍ താമസിച്ചിരുന്നത്. മുംബൈയിലെ മലാഡിലെ ഒരു പ്രിന്‍റര്‍ റിപ്പയറിംഗ് സ്ഥാപനത്തിലായിരുന്നു ഇയാള്‍ ജോലിയെടുത്തിരുന്നത്. ദേവ്ജി മഹേശ്വരിയെ കുത്തിയ ശേഷം ഇയാള്‍ മുംബൈയിലേക്ക് രക്ഷപ്പെടുകയായിരുന്നു. ദേവ്ജി മഹേശ്വരിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭരത് റാവലിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നെന്നാണ് ദി ക്വിന്‍റ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് മറ്റ് മൂന്ന് പേര്‍ കൂടി അറസ്റ്റിലായതാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. 

click me!