വെള്ളമെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ദളിത് യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു

Web Desk   | others
Published : Feb 17, 2020, 05:45 PM IST
വെള്ളമെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ദളിത് യുവാവിനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവച്ചു കൊന്നു

Synopsis

വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടുകാരും തമ്മിലുളള തര്‍ക്കം അവസാനിപ്പിക്കാനായി ഇടപെട്ട ദലിത് യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വെടിവക്കുകയായിരുന്നു. 

ഭോപ്പാല്‍: കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ ദളിത് യുവാവിനെ വെടിവച്ച് കൊലപ്പെടുത്തിയതായി ആരോപണം. വനംവകുപ്പ് ഉദ്യോഗസ്ഥരും വീട്ടുകാരും തമ്മിലുളള തര്‍ക്കം അവസാനിപ്പിക്കാനായി ഇടപെട്ട ദലിത് യുവാവിനെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ വെടിവക്കുകയായിരുന്നു. മധ്യപ്രദേശിലെ ശിവ്പുരിയിലെ ഫത്തേപൂര്‍ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് സംഭവം. മദന്‍ ബാല്‍മീകി എന്ന യുവാവാണ് മരിച്ചത്. 

ബാല്‍മീകിയുടെ ഭാര്യ സരോജും മകളും ഫത്തേപൂരിലെ ഫോറസ്റ്റ് ചെക്ക് പോസ്റ്റിന് സമീപമുള്ള കുഴല്‍ക്കിണറില്‍ നിന്ന് വെള്ളമെടുക്കുകയായിരുന്നു. വെള്ളമെടുത്ത് പാത്രങ്ങള്‍ കഴുകുന്നതിനിടെ ഫോറസ്റ്റ് റേഞ്ചര്‍  സുരേഷ് ശര്‍മയെത്തി ഇവരെ അസഭ്യം പറയാന്‍ ആരംഭിച്ചു. താഴ്ന്ന ജാതിക്കാരായ നിങ്ങള്‍ എങ്ങനെ ഈ കിണറില്‍ നിന്ന് വെള്ളമെടുത്തുവെന്ന് ചോദിച്ചായിരുന്നു അസഭ്യ വര്‍ഷം. അസഭ്യം പറയരുതെന്ന് മകള്‍ ആവശ്യപ്പെട്ടതോടെ റേഞ്ചര്‍ക്കൊപ്പമുണ്ടായിരുന്ന വനിതാ ഓഫീസര്‍ പെണ്‍കുട്ടിയെ മുടിക്ക് പിടിച്ച് വലിച്ചിഴച്ചു. ഭയന്നുപോയ ഭാര്യ വിവരം മദനെ അറിയിക്കുകയായിരുന്നു. വിഷയം എന്താണെന്ന് തിരക്കാന്‍ ചെന്ന മദനെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ വെടിവച്ചുവെന്നാണ് ഭാര്യയുടെ പരാതി. 

എന്നാല്‍ ഉദ്യോഗസ്ഥന്‍റെ തോക്ക് നാട്ടുകാര്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചതിനിടയിലാണ് മദന് വെടിയേറ്റതെന്നാണ് വനംവകുപ്പ് വാദിക്കുന്നത്. കാട്ടില്‍ അതിക്രമിച്ച് കയറിയത് ചോദ്യം ചെയ്തതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചതെന്നും വനംവകുപ്പ് വിശദമാക്കുന്നു. സംഭവത്തില്‍ മദന്‍റെ കുടുംബത്തിന്‍റെ പരാതിയില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.  വനംവകുപ്പും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന സംഭവം രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. കമല്‍നാഥ് സര്‍ക്കാരിന് കീഴില്‍ ദലിതര്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുന്നുവെന്നാണ് ബിജെപി ആരോപിക്കുന്നത്. 

PREV
click me!

Recommended Stories

ഡ്രൈ ഡേ കണക്കാക്കി ബ്ലാക്ക് വിൽപ്പന, രഹസ്യ അറയിൽ സ്റ്റോക്ക് ചെയ്ത 'ജവാൻ ' ഉൾപ്പടെ എക്സൈസ് പിടികൂടി
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്