സഹോദരന്‍റെ കസ്റ്റഡി മരണത്തിന് സാക്ഷിയായ ദലിത് യുവതിയെ പൊലീസുകാര്‍ കൂട്ട ബലാല്‍സംഗം ചെയ്തതായി പരാതി

By Web TeamFirst Published Jul 14, 2019, 11:05 AM IST
Highlights

ജൂലൈ 6,7 തീയതികളിലായി കസ്റ്റഡിയിലിരിക്കെ യുവാവിനെ പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇതിന് സാക്ഷിയായ യുവാവിന്‍റെ സഹോദരിയെ പൊലീസുകാര്‍ കൂട്ടമായി ബലാല്‍സംഗം ചെയ്തു.

ജയ്പൂര്‍: മോഷണക്കേസില്‍ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത ദലിത് യുവതിയെ പൊലീസുകാര്‍ കൂട്ട ബലാല്‍സംഗം ചെയ്തെന്നും അന്യായമായി തടങ്കലില്‍ വച്ചെന്നും പരാതി. രാജസ്ഥാനിലെ ചുരു ജില്ലയില്‍ 35-കാരിയായ യുവതിയെയാണ് എട്ടുദിവസത്തോളം ക്രൂരമായ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്തതതെന്ന് ഇന്ത്യന്‍ എക്സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. മോഷണക്കുറ്റത്തിന് അറസ്റ്റിലായ സഹോദരന്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ചതോടെയാണ് സാക്ഷിയായ യുവതിയെ പൊലീസുകാര്‍ സംഘം ചേര്‍ന്ന് പീഡിപ്പിച്ചതെന്നാണ് യുവതിയുടെ ഭര്‍ത്താവിന്‍റെ ആരോപണം.    

ജൂണ്‍ 30 തിനാണ് മോഷണക്കുറ്റം ആരോപിച്ച് 22-കാരനായ യുവാവിനെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഇതിനുശേഷം ജൂലൈ 3-ന് യുവാവുമായി മടങ്ങിയെത്തിയ പൊലീസ് ഇയാളുടെ സഹോദരിയെയും ഇതേ കുറ്റത്തിന് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ജൂലൈ 6,7 തീയതികളിലായി കസ്റ്റഡിയിലിരിക്കെ യുവാവിനെ പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഇതിന് സാക്ഷിയായ യുവാവിന്‍റെ സഹോദരിയെ പൊലീസുകാര്‍ കൂട്ടമായി ബലാല്‍സംഗം ചെയ്തു. നഖം പിഴുതെടുക്കുകയും കണ്ണിലും വിരലുകളിലും മുറിവേല്‍പ്പിക്കുകയും ചെയ്തെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സഹോദരന്‍റെ മരണശേഷവും ജൂലൈ 10- വരെ യുവതിയെ പൊലീസ് അന്യായമായി തടവില്‍ വച്ചതായും ഇയാള്‍ കൂട്ടിച്ചേര്‍ത്തു.

ജൂലൈ 11- ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ബന്ധുക്കള്‍ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു. യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ചുരു സ്റ്റേഷനിലെ എസ് എച്ച് ഒ, ആറ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരെ എസ് പി സസ്പെന്‍ഡ് ചെയ്തു. 

എന്നാല്‍ യുവാവിനെ അറസ്റ്റ് ചെയ്ത അതേ ദിവസം പുലര്‍ച്ചയോടെ അസുഖം മൂലമാണ് ഇയാള്‍ മരിച്ചതെന്നാണ് ലോക്കല്‍ പൊലീസിന്‍റെ വാദം. പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം ഹൃദയാഘാതം മൂലമാണെന്നാണ് രേഖപ്പെടുത്തിയതെന്നും മരണത്തിന്‍റെ കാരണം വിശദമായി അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു. 

click me!