ചെന്നൈ നഗരത്തെ മുള്‍മുനയിലാക്കി യുവാക്കളുടെ ഓട്ടോറിക്ഷാ മത്സര ഓട്ടം

By Web TeamFirst Published Jul 7, 2021, 1:59 AM IST
Highlights

പോരൂര്‍ മുതല്‍ താമ്പരം വരെ ഇരുപത് കിലോമീറ്ററാണ് യുവാക്കള്‍ മിന്നുംവേഗതയില്‍ പാഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു മത്സര ഓട്ടം.

ചെന്നൈ: നഗരത്തെ മുള്‍മുനയിലാക്കി യുവാക്കളുടെ ഓട്ടോറിക്ഷാ മത്സര ഓട്ടം. അമ്പതോളം ഓട്ടോറിക്ഷകളാണ് തിരക്കേറിയ നിരത്തിലൂടെ മിന്നുംവേഗത്തില്‍ പാഞ്ഞത്. മത്സരത്തിനിടെ സംഭവിച്ച അപകടത്തില്‍ വഴിയാത്രക്കാരായ രണ്ട് യുവതികള്‍ അടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്.

പോരൂര്‍ മുതല്‍ താമ്പരം വരെ ഇരുപത് കിലോമീറ്ററാണ് യുവാക്കള്‍ മിന്നുംവേഗതയില്‍ പാഞ്ഞത്. വൈകിട്ട് ആറ് മണിയോടെയായിരുന്നു മത്സര ഓട്ടം. നിരത്തില്‍ വാഹനങ്ങള്‍ ഏറെയുള്ള സമയത്തായിരുന്നു സാഹസം.സംഘാടകര്‍ ബൈക്കിലിരുന്ന് ഓട്ടോറെയ്സിന്‍റെ ദൃശ്യങ്ങളും പകര്‍ത്തി. മത്സരഓട്ടത്തിനിടെ വിവിധ ഇടങ്ങളില്‍ അപകടം ഉണ്ടായി. താമ്പരത്ത് സ്കൂട്ടര്‍ യാത്രികരായ യുവതികളെ ഇടിച്ച് തെറിപ്പിച്ചു.തലയ്ക്ക് പരിക്കേറ്റ യുവതികളുടെ നില ഗുരുതരമാണ്. പോരൂരില്‍ രണ്ട് കാറുകളും ഒരു പിക്കപ്പ് വാനും അപകടത്തില്‍പ്പെട്ടു. രണ്ട് ഓട്ടോകള്‍ താമ്പരത്തിന് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോഡ്രൈവര്‍മാരെ ആശുപ്ത്രിയിലേക്ക് മാറ്റി.

ചെന്നൈയിലെ ഓട്ടോറെയ്സ് എന്ന ഓണ്‍ലൈന്‍ കൂട്ടായ്മയാണ് മത്സര ഓട്ടം സംഘടിപ്പിച്ചത്. പതിനായിരം രൂപയും ട്രോഫിയുമായിരുന്നു സമ്മാനം. പൊലീസ് അനുമതി വാങ്ങാതെയായിരുന്നു മത്സരം. സംഘാടകരായ ചെന്നൈ സ്വദേശി ഷാമില്‍, സെലിന്‍, ശിവപ്രസാദ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മത്സരത്തില്‍ പങ്കെടുത്തവര്‍ക്ക് എതിരെ കേസ് എടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നൈ സിറ്റി പൊലീസ് കമ്മീഷ്ണര്‍ അറിയിച്ചു.

click me!