
തങ്കമണി : പട്ടാപ്പകൽ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയുടെ മാല ബൈക്കിലെത്തി പൊട്ടിച്ചു കടന്ന സംഘത്തിലെ മൂന്നു പേർ അറസ്റ്റില്‍. തോപ്രാംകുടി സ്വദേശികളായ മൈലയ്ക്കല്‍ അതുല്‍ സഹോദരൻ അഖില്‍, അരീക്കുന്നേല്‍ രാഹുല്‍ എന്നിവരെയാണ് കട്ടപ്പന ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ഈ മാസം എട്ടിന് തങ്കമണിക്കടുത്ത് ഇടിഞ്ഞമല മാളൂര്‍ സിറ്റിയിലായിരുന്നു സംഭവം നടന്നത്. വിജനമായ റോഡിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ ബൈക്കില്‍ പിന്തുടര്‍ന്ന രാഹുലും അതുലും മേല്‍വിലാസം ചോദിക്കാനെന്ന വ്യാജേന തടഞ്ഞു നിർത്തി. ഇതിനിടെ മാല വലിച്ചുപൊട്ടിച്ച ശേഷം കടന്നു കളഞ്ഞു.
ബലപ്രയോഗത്തിനിടെ താഴെ വീണ വയോധികയ്ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. മോഷണത്തിന് ഉപയോഗിച്ച പുതിയ മോഡൽ ബൈക്ക് സംബന്ധിച്ച് വിവരം ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. പ്രദേശത്തെ സി.സി. ടിവി ദൃശ്യങ്ങളും തുണയായി. കവര്‍ച്ച ചെയ്ത ഒന്നര പവൻ തൂക്കം വരുന്ന മാല പ്രതികൾ തോപ്രാംകുടിയിൽ 40,000 രൂപയ്ക്ക് പണയം വച്ചിരുന്നു.
രാഹുലും അതുലും മോഷ്ടിച്ച മാല അഖിലിന്റെ സഹായത്തോടെയാണ് തൃശ്ശൂരിൽ വില്‍പന നടത്തിയത്. സംഘത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. നെടുങ്കണ്ടം കൌന്തിയിൽ സമാനമായ ഒരു മോഷണം അടുത്തയിടെ നടന്നിരുന്നു.
ഈ മോഷണം നടത്തിയത് ഇവർ തന്നെയാണെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഈ കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. ഇടിഞ്ഞമലയിലെ കവര്‍ച്ചയ്ക്ക് പിന്നാലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്.
മാലിന്യ കൂമ്പാരത്തിൽ നിന്നും ദേശീയ പതാക കണ്ടെത്തിയ സംഭവം; മൂന്ന് പേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam