ട്രാൻസ്ജെൻഡറുടെ ദുരൂഹമരണം: മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

By Web TeamFirst Published Apr 1, 2019, 5:08 PM IST
Highlights

വിരലടയാള വിദഗ്ദൻ സംഭവസ്ഥലത്തെത്താൻ വൈകിയതിനാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാല് മണിക്കൂറോളം വൈകിയത് വലിയ വിവാദമായിരുന്നു. 

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ ട്രാൻസ്ജെൻഡർ യുവതി ഷാലുവിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് കോഴിക്കോട് നഗരത്തിൽ കെഎസ്ആർടിസി ബസ്സ്റ്റാൻ‍ഡിന് സമീപത്തെ യു കെ ശങ്കുണ്ണി റോഡിൽ ട്രാൻസ് ജെൻഡർ ഷാലുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. യു കെ എസ് റോഡിലെ ഇടുങ്ങിയ വഴിയിലായിരുന്നു മൃതദേഹം.

പൊലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും മരിച്ചത് ആരാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരിൽ സ്ഥിരതാമസമാക്കിയ മൈസൂർ സ്വദേശി ഷാലുവാണ്  മരിച്ചതെന്ന് വ്യക്തമായത്. ട്രാൻസ്ജെന്‍റർ സംഘടനയായ പുനർജനി പ്രവർത്തക സിസിലി ജോണ്‍ സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു.

കോഴിക്കോട് എത്തുന്നതിന് മുൻപ് ഷാലു വിളിച്ച് ആരോ നിരന്തരം ഉപദ്രവിക്കുന്നെന്ന് പറഞ്ഞതായി സിസിലി പൊലീസിന് മൊഴി നൽകി. ട്രാൻസ്ജെന്‍റർ വിഭാഗത്തിലുള്ളവർ സാധാരണ ഒത്തു ചേരുന്ന പ്രദേശത്താണ് ഷാലുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 

വിരലടയാള വിദഗ്ദൻ സംഭവസ്ഥലത്തെത്താൻ വൈകിയതിനാൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റാൻ നാല് മണിക്കൂറോളം വൈകിയത് വലിയ വിവാദമായിരുന്നു. 

രാത്രി ഏറെ വൈകിയും ഷാലു സംഭവ സ്ഥലത്ത് സംസാരിച്ച് നിൽക്കുന്നത് കണ്ടതായി ചിലർ പൊലീസിന് വിവരം നൽകിയിട്ടുണ്ട്. സമീപത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ സിസിടിവിയിൽ രാത്രി പതിനൊന്ന് മണിക്ക് ഷാലുവും മറ്റൊരാളും നടന്ന് പോകുന്ന ദൃശ്യം പതിഞ്ഞിട്ടുണ്ട്. മൃതദേഹത്തിൽ ബല പ്രയോഗം നടന്ന പാടുകൾ ഉള്ളതിനാൽ കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നു.സ്ഥലത്തെത്തിയ പൊലീസ് നായ മാവൂർ റോഡ് ശ്മശാനത്തിനടുത്തുള്ള ഒരു ഷെഡിന് സമീപം വരെ  ഓടി. ഇതിന് സമീപമുള്ള സിസിടിവിയും പൊലീസ് പരിശോധിക്കും
 

click me!