കടം കുന്നുകയറി; ഭാര്യയെയും മകളെയും കൊല്ലാന്‍ വാടകക്കൊലയാളിയെ ഏല്‍പ്പിച്ച് വ്യാപാരി ആത്മഹത്യ ചെയ്തു

By Web TeamFirst Published Aug 1, 2019, 10:12 PM IST
Highlights

വാടക കൊലയാളിയില്‍നിന്ന് ഭാര്യ രാധ(43) രക്ഷപ്പെട്ടു.  മകള്‍ മഹിമ(16)യെ വാടക കൊലയാളി വെടിവെച്ചു കൊന്നു. ഇരുവരും മരിച്ചെന്ന് കരുതി ബിസിനസുകാരനായ കുടുംബനാഥന്‍ ആത്മഹത്യ ചെയ്തു

ഭോപ്പാല്‍: കടം കയറിയ സിമന്‍റ് വ്യാപാരി ഒടുവില്‍ ചെയ്തത് ആരെയും ഞെട്ടിക്കുന്ന ക്രൂരകൃത്യം. ഭാര്യയെയും 16 കാരിയായ മകളെയും കൊലപ്പെടുത്താന്‍ വാടക കൊലയാളിക്ക് ക്വട്ടേഷന്‍ നല്‍കിയ ശേഷം ആത്മഹത്യ ചെയ്തു. ഭോപ്പാലിലെ സാഗറിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. വാടക കൊലയാളിയില്‍നിന്ന് ഭാര്യ രാധ(43) രക്ഷപ്പെട്ടു.  മകള്‍ മഹിമ(16)യെ വാടക കൊലയാളി വെടിവെച്ചു കൊന്നു. ഇരുവരും മരിച്ചെന്ന് കരുതി ബിസിനസുകാരനായ ബ്രജേഷ് ചൗരസ്യ ആത്മഹത്യ ചെയ്തു. വാടക കൊലയാളിയായ രഞ്ജന്‍ റോയ് പിടിയിലായി. 

ജൂലായ് 17ന് നടന്ന സംഭവത്തിന്‍റെ യഥാര്‍ത്ഥ കാരണം ഇപ്പോഴാണ് പുറത്തുവരുന്നത്. രാത്രിയിലെ പട്രോളിങ്ങിനിടെ സാഗറിലെ റോഡരികില്‍ സാന്‍ട്രോ കാര്‍ നിര്‍ത്തിയിട്ടിരിക്കുന്നത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെട്ടു. കാറില്‍ ബ്രജേഷ് ചൗരസ്യയും മകള്‍ മഹിമയും കൊല്ലപ്പെട്ട നിലയിലും ഭാര്യ പരിക്കേറ്റ നിലയില്‍ അബോധാവസ്ഥയിലുമായിരുന്നു. കാറിനുള്ളില്‍ ആയുധങ്ങളൊന്നുമുണ്ടായിരുന്നില്ല. തനിക്കും മകള്‍ക്കും ഭര്‍ത്താവ് എന്തോ കുടിക്കാന്‍ നല്‍കിയെന്നും പിന്നെയൊന്നും തനിക്ക് ഓര്‍മയില്ലെന്നുമാണ് ഭാര്യ രാധ മൊഴി നല്‍കിയത്. 

ബ്രജേഷ് ചൗരസ്യയുടെ ആത്മഹത്യ കുറിപ്പ് കുടുംബാംഗങ്ങള്‍ പൊലീസിന് കൈമാറിയതോടെയാണ് സംഭവത്തിന്‍റെ ചുരുളഴിയുന്നത്. 90 ലക്ഷം രൂപയുടെ ബാങ്ക് കടമുണ്ടെന്നും മരിക്കുകയാണെന്നുമായിരുന്നു ആത്മഹത്യ കുറിപ്പില്‍ എഴുതിയിരുന്നത്. കടം വീട്ടാന്‍ കഴിയാതിരുന്നതോടെ കൂട്ട ആത്മഹത്യ ചെയ്യാന്‍ ബ്രജേഷ് തീരുമാനമെടുത്തു. എന്നാല്‍, ഭാര്യയോടും മകളോടും ഇക്കാര്യം പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. അതുകൊണ്ട് അവരെ കൊല്ലാന്‍ 90000 രൂപക്ക് ക്വട്ടേഷന്‍ നല്‍കി.

കാറില്‍വെച്ച് ഇരുവര്‍ക്കും മയക്കുമരുന്ന് നല്‍കിയ പാനീയം നല്‍കിയ ശേഷം വാടക കൊലയാളിയെ ഏല്‍പ്പിച്ച് ബ്രജേഷ് മറ്റൊരു സ്ഥലത്തേക്ക് മാറി നിന്നു. മകളെ വെടിവെച്ച് കൊലപ്പെടുത്തിയെങ്കിലും റോഡിലൂടെ കുറച്ചുപേര്‍ വരുന്നത് കണ്ട കൊലയാളിക്ക് ബ്രജേഷിന്‍റെ ഭാര്യയെ കൊലപ്പെടുത്താനായില്ല. എന്നാല്‍, ഇരുവരെയും കൊലപ്പെടുത്തിയെന്ന് പറഞ്ഞ് ഇയാള്‍ പണം വാങ്ങി മുങ്ങി. കാറിന് സമീപത്തേക്ക് തിരിച്ചെത്തിയ ബ്രജേഷ് ഭാര്യയും മകളും മരിച്ചെന്ന് കരുതി ആത്മഹത്യ ചെയ്യുകയും ചെയ്തു. ബിഹാര്‍ സ്വദേശിയായ വാടക കൊലയാളിയെ ബംഗാളില്‍നിന്നാണ് പൊലീസ് പിടികൂടിയത്.

90000 രൂപക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബ്രജേഷിന്‍റെ കൈയില്‍നിന്ന് തോക്കുമെടുത്താണ് ഇയാള്‍ മുങ്ങിയത്. ബിഹാറില്‍നിന്നാണ് ഇയാള്‍ തോക്കുകള്‍ സംഘടിപ്പിച്ചത്. ബ്രിജേഷിന്‍റെ ഫോണ്‍വിളികള്‍ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. 

click me!