
കൊച്ചി: ഇടപ്പള്ളിയിൽ മൊബൈൽ ഷോപ്പ് കുത്തിതുറന്ന് 25 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി പിടിയിൽ. പത്തനംതിട്ട റാന്നി സ്വദേശി രാജേഷ് കുമാറിനെയാണ് കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.
ഇടപ്പള്ളിയിലെ ഈസി സ്റ്റോർ എന്ന മൊബൈൽ ഷോപ്പിൽ ഈ മാസം 20നാണ് കവർച്ച നടന്നത്. പുലർച്ചെ ഒന്നരയ്ക്ക് ബൈക്കിലെത്തിയ പ്രതി രാജേഷ് കുമാർ കെട്ടിടവുമായി ചാഞ്ഞ് കിടന്നിരുന്ന പുളി മരത്തിൽ കയറി മൂന്നാം നിലയിലെത്തി.
പിന്നീട് ആക്സോബ്ലെയിഡ് ഉപോയിച്ച് വാതിൽ തുറന്ന് ഷോപ്പിനകത്ത് കയറി. ഐഫോൺ അടക്കമുള്ള 25 ലക്ഷം രൂപ വില വരുന്ന 45 മൊബൈൽ ഫോണുകളാണ് പ്രതി കവർന്നത്. രണ്ട് ബാഗുകളും കയ്യിൽ കരുതിയിരുന്നു. സിസിടിവിയിൽ മുഖം പതിയാതിരിക്കാൻ ഹെൽമറ്റ് ധരിച്ചായിരുന്നു കവർച്ച.
രണ്ട് മാസം മുൻപ് കടയിലെ ഇന്‍റീരിയർ ജോലികളെടുത്തിരുന്നത് രാജേഷ് കുമാറായിരുന്നു. ആ സമയത്താണ് പുളി മരത്തിൽ കയറിയുള്ള മോഷണത്തിന് പദ്ധതിയിട്ടത്. എറണാകുളം ജില്ലയിലെ ഒട്ടനവധി വ്യാപാര കേന്ദ്രങ്ങളിലും ഇയാൾ ജോലിയെടുത്തിട്ടുണ്ട്.
തൃക്കാക്കര എസിപി ശ്രീകുമാറിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് മോഷ്ടാവിനെ പിടികൂടിയത്. കഴിഞ്ഞ ആറ് മാസക്കാലം കടയിൽ ജോലിക്കെത്തിയവരെ കുറിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്.
ആർഭാട ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് പ്രതി മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. രാജേഷ് കുമാർ ഇതിന് മുൻപ് മോഷണ കേസുകളിൽ പ്രതിയായിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam