
ദില്ലി: മോഷ്ടാവാണെന്ന് ആരോപിച്ച് ദില്ലിയിൽ 14 വയസ് മാത്രം പ്രായമുള്ള ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിക്കൊന്നു. എന്നാൽ കുട്ടി മോഷ്‌ടാവല്ലെന്ന് പറഞ്ഞ കുടുംബം പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.
വെള്ളിയാഴ്ച ആദർശ് നഗറിലാണ് സംഭവം. കുട്ടി അബോധാവസ്ഥയിലായ ശേഷമാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. മോഷണം നടന്നെന്ന് പറയപ്പെടുന്ന വീട്ടിൽ ഈ കുട്ടി കയറിയിട്ടില്ലെന്നും റോഡിലൂടെ നടന്നുപോകുമ്പോഴാണ് ആക്രമിക്കപ്പെട്ടതെന്നും കുടുംബം പറഞ്ഞു.
സംഭവത്തിൽ നാല് പേരെ പൊലീസ് പിടികൂടി. മോഷണത്തിനിടെ കുട്ടിയെ കൈയ്യോടെ പിടികൂടിയത് താനാണെന്ന് പറഞ്ഞ മുകേഷ് എന്ന വ്യക്തി പൊലീസ് പിടിയിലായിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെ മുകേഷ് ഈ കുട്ടിയെ പിടികൂടുകയും പിന്നീട് കെട്ടിയിടുകയും മറ്റുള്ളവരെ കൂടി വിളിച്ചുവരുത്തിയ ശേഷം മർദ്ദിക്കുകയുമായിരുന്നു.
അബോധാവസ്ഥയിലായ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മുഖ്യപ്രതി മുകേഷ് ലഹരിക്ക് അടിമയാണെന്നും മോഷ്ടാവെന്ന് തെറ്റിദ്ധരിച്ച് കുട്ടിയെ ആക്രമിച്ചതാവാമെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam