
ദില്ലി: ദില്ലി നഗരത്തിൽ ടാക്സി ഡ്രൈവറെ അജ്ഞാതസംഘം കാറുകൊണ്ട് ഇടിച്ചുവീഴ്ത്തി വലിച്ചിഴച്ചു കൊന്നു. മൃതദേഹം വഴിയരികിൽ ഉപേക്ഷിച്ച് സംഘം കടന്ന് കളഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രിയുണ്ടായ സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളാണ് രാജ്യ തലസ്ഥാനത്ത് നിന്ന് പുറത്ത് വന്നത്. രാത്രി പതിനൊന്നരയോടെ വസന്തകുഞ്ചിനടുത്ത് മഹിപാൽപൂരിലാണ് സംഭവം നടന്നത്. ടാക്സി ഡ്രൈവറായ ഫരീദാബാദ് സ്വദേശി ബിജേന്ദറിനെയാണ് 200 മീറ്ററോളം അജ്ഞാത സംഘം കാറിൽ വലിച്ചിഴച്ചത്. ദേശീയ പാതയിൽ ചോരയിൽ കുളിച്ചു കിടന്ന ഇയാളുടെ മൃതദേഹം കണ്ടവരാണ് പൊലീസിൽ വിവരമറിയിച്ചത്. സംഘം കാറുമായി കടന്ന് കളഞ്ഞതായാണ് വിവരം. കൊലപാതകകുറ്റവും തെളിവ് നശിപ്പിക്കലും ചേർത്ത് പൊലീസ് പ്രതികൾക്കെതിരെ കേസെടുത്തു.
ബിജേന്ദറിന്റെ കാർ ഒരു സംഘം യുവാക്കൾ തട്ടിയെടുക്കുകയും വണ്ടിയുമായി കടന്നു കളയുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. ഇത് തടയാൻ ചെന്ന ബിജേന്ദറിനെ ഇവർ കാറിടിപ്പിക്കുകയും തുടർന്ന് ഏറെ ദൂരം വലിച്ചിഴയ്ക്കുകയും ചെയ്‌തെന്നുമാണ് പൊലീസ് പറഞ്ഞു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. ഈ സംഭവങ്ങളെല്ലാം തൊട്ടു പിന്നാലെ വന്നിരുന്ന വാഹനത്തിലെ യാത്രക്കാർ വീഡിയോ എടുത്തിരുന്നു. ദൃശ്യങ്ങൾ പിന്നീട് വ്യാപകമായി സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്.