മുൻ ബിജെപി എംഎൽഎ പ്രതിയായ ഉന്നാവ് ബലാത്സംഗക്കേസിൽ വിധി ഇന്ന്

By Web TeamFirst Published Dec 15, 2019, 9:28 PM IST
Highlights

ദില്ലിയിൽ സുപ്രീംകോടതിയുടെ വിധിപ്രകാരം രൂപീകരിച്ച പ്രത്യേക കോടതി, ഓഗസ്റ്റ് 5, 2019 മുതൽ ദിവസം തോറും കേസിൽ വാദം കേട്ട ശേഷമാണ് തിങ്കളാഴ്ച വിധി പറയാനൊരുങ്ങുന്നത്.

ദില്ലി: ഉന്നാവിൽ മുൻ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാർ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്ന കേസിൽ വിധി ഇന്ന്. 2017-ൽ എംഎൽഎയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുൽദീപ് സെംഗാർ വിളിച്ച് വരുത്തി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി എന്നതാണ് കേസ്. 

ഡിസംബർ 10-നാണ് കേസിന്‍റെ വിചാരണ പൂർത്തിയായത്.  ഉത്തർപ്രദേശിൽ നടന്ന് വന്നിരുന്ന കേസിന്‍റെ വിചാരണ ഇരയായ യുവതി ഒരു വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായ ശേഷം സുപ്രീംകോടതി ഇടപെട്ട് ദില്ലിയിലേക്ക് മാറ്റുകയായിരുന്നു. ഈ അപകടത്തിന് പിന്നിൽ യുവതിയെ തുടർച്ചയായി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്ന കുൽദീപ് സെംഗാറിന്‍റെ അനുജനും അനുയായികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് സെംഗാറിനെ അടക്കം പ്രതി ചേർത്ത ഈ വാഹനാപകടക്കേസിന്‍റെ വിചാരണ മറ്റൊരു കോടതിയിൽ പുരോഗമിക്കുകയാണ്.

ഓഗസ്റ്റ് 5 മുതലാണ് കേസ് ദില്ലിയിലെ പ്രത്യേക കോടതി വിചാരണയ്ക്ക് എടുത്തത്. തുടർച്ചയായി ദിവസം തോറും വാദം കേട്ട ശേഷമാണ് കേസിൽ കോടതി വിധി പറയാനൊരുങ്ങുകയാണ്. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കുൽദീപ് സെംഗാർ തട്ടിക്കൊണ്ടുപോകുന്നത് 2017-ലാണ്. കേസിൽ സെംഗാറിനെ സഹായിച്ച ശശി സിംഗാണ് രണ്ടാം പ്രതി. 

ഉത്തർപ്രദേശിലെ ബംഗർമാവ് എന്ന മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയായിരുന്നു കുൽദീപ് സിംഗ് സെംഗാർ. ബലാത്സംഗപ്പരാതി ഉയർന്നപ്പോൾ എംഎൽഎയ്ക്ക് എതിരെ നടപടി എടുക്കാതിരുന്ന ബിജെപി യുവതി വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലായതോടെയാണ് എംഎൽഎയെ സസ്പെൻഡ് ചെയ്തത്.

കുറ്റകരമായ ഗൂഢാലോചന (120 ബി), തട്ടിക്കൊണ്ടുപോകൽ (363), (366) തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ സമ്മർദ്ദം ചെലുത്തൽ, (376) ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ ചുമത്തിയാണ് ബിജെപി എംഎൽഎയ്ക്ക് എതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നതും കുറ്റപത്രം നൽകിയിരിക്കുന്നത്.

ഈ വർഷം ജൂലൈ 28-നാണ് ജയിലിലായ തന്‍റെ അമ്മാവനെ സന്ദർശിക്കാൻ കുടുംബാംഗങ്ങൾക്കൊപ്പം പോയി മടങ്ങവെ ഉന്നാവിൽ ബലാത്സംഗത്തിന് ഇരയായ യുവതി സഞ്ചരിച്ച കാറിൽ ട്രക്ക് വന്നിടിക്കുന്നത്. കുട്ടിയുടെ ബന്ധുക്കൾ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ജീവനായി മല്ലടിച്ചു. ലഖ്‍നൗവിലെ ആശുപത്രിയിൽ നിന്ന് യുവതിയെ ദില്ലിയിലെ ആശുപത്രിയിലെത്തിച്ചു. രണ്ട് മാസത്തോളം ആശുപത്രിയിൽ കഴിഞ്ഞ ശേഷമാണ് യുവതിയെ സാധാരണ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായത്.

ബലാത്സംഗപ്പരാതി ഉയർന്നതിന് പിന്നാലെ 2018 ഏപ്രിൽ 3-ന് യുവതിയുടെ അച്ഛനെ പൊലീസ് അനധികൃതമായി ആയുധം കൈവശം വച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഏപ്രിൽ 9-ന് ഇവരുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അതിജീവിച്ച പെൺകുട്ടി എഴുതിയ കത്ത് പ്രകാരമാണ് കേസുകളുടെ വിചാരണ ദില്ലിയിലേക്ക് മാറ്റിയത്. വിചാരണ പൂർണമായും ചിത്രീകരിച്ചിട്ടുണ്ട്. 13 പ്രോസിക്യൂഷൻ സാക്ഷികളെയും 9 പ്രതിഭാഗം സാക്ഷികളെയും കോടതി വിസ്തരിച്ചു. യുവതിയും അമ്മയും അമ്മാവനും തന്നെയാണ് കേസിലെ പ്രധാന സാക്ഷികൾ. 

ഇപ്പോൾ യുവതിയുടെ കുടുംബത്തിന് സിആർപിഎഫ് സുരക്ഷ നൽകിയിട്ടുണ്ട്. ദില്ലിയിൽത്തന്നെ ദില്ലി വനിതാ കമ്മീഷന്‍റെ സംരക്ഷണയിൽ വാടകയ്ക്ക് എടുത്ത കെട്ടിടത്തിലാണ് അതിജീവിച്ച യുവതിയും കുടുംബവും ഇപ്പോൾ കഴിയുന്നത്.  

click me!