
ദില്ലി: ഫാഷന്‍ ഷോയില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥിനികളുടെ കുളിമുറി ദൃശ്യം പകര്‍ത്തിയെന്ന പരാതിയിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി ഐഐടിയിലാണ് സംഭവം. ഐഐടിയിലെ കരാര്‍ ജീവനക്കാരനായ ഇരുപതുകാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് ഐഐടിയിൽ ഫാഷൻ ഷോയിൽ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികളുടെ കുളിമുറി ദൃശ്യം ശുചീകരണ തൊഴിലാളിയായ യുവാവ് പകർത്തിയത്. കോളേജ് അധികൃതർ നടപടിയെടുക്കാഞ്ഞതോടെ സംഭവം വിദ്യാർത്ഥികള്‍ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് യുവാവിനെ അറസ്റ്റ് ചെയ്തത്.
ദില്ലി സര്‍വകലാശാലയിലെ ഭാരതി കോളേജിലെ വിദ്യാർത്ഥികളാണ് യുവാവിനെതിരെ രംഗത്ത് വന്നത്. ഐഐടി ക്യാമ്പസിൽ ഫാഷൻ ഷോയ്ക്കത്തിയതായിരുന്നു ഭാരതി കോളേജിലെ 10 വിദ്യാര്‍ഥിനികൾ. ക്യാമ്പസ് ഹോസ്റ്റലിലെ കുളിമുറിയിൽ വസ്ത്രം മാറുന്നതിനിടെയാണ് സംഭവം. വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നതിനിടെ ജീവനക്കാരൻ ഒളിഞ്ഞിരുന്ന് മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. 10 മിനിറ്റോളം ഇയാള്‍ ദൃശ്യം പകർത്തിയെന്നാണ് പരാതി. യുവാവിനെ കണ്ട് വിദ്യാർത്ഥിനികൾ ബഹളം വെച്ചു, ഇതോടെ ഇയാള്‍ ഓടിപ്പോയി.
സംഭവത്തിന് പിന്നാലെ ഐഐടി അധികൃതരെ കണ്ട് പരാതി പറഞ്ഞെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. ഐഐടിയിലെ സുരക്ഷാവിഭാഗം മേധാവിയോട് ജീവനക്കാരന്‍റെ പെരുമാറ്റത്തെക്കുറിച്ച് പരാതി പറഞ്ഞു, എന്നാൽ 'നിങ്ങൾ സ്റ്റേജിലേക്ക് കയറൂ, സ്റ്റേജില്‍ കയറിയാല്‍ രോഷമടങ്ങും' എന്നായിരുന്നു പ്രതികരണമെന്നും വിദ്യാർത്ഥികൾ ആരോപിച്ചു. ഇതിന് പിന്നാലെ വിദ്യാർത്ഥിനികൾ വിഷയം പൊലീസിനെ ടാഗ് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. നിരവധി പേർ പ്രതിഷേധവുമായെത്തിയതിന് പിന്നാലെ വിഷയത്തിൽ പൊലീസ് ഇടപെട്ടു. തുടർന്ന് വിദ്യാർത്ഥിനികളുടെ മൊഴിയെടുത്ത ശേഷം പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam