
ദില്ലി: മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അച്ഛൻ മർദനമേറ്റ് മരിച്ചു. മുഹമ്മദ് ഹനീഫ് എന്ന 38കാരനാണ് കൊല്ലപ്പെട്ടത്. ദില്ലിയിലെ ഓഖ്‌ല ഫേസ് രണ്ടിലെ സഞ്ജയ് കോളനിയിലാണ് സംഭവം
ബൈക്ക് പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഒരു സംഘം മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ് മുഹമ്മദ് ഹനീഫിന് മര്‍ദനമേറ്റത്. ഇഷ്ടിക കൊണ്ട് അടിയേറ്റാണ് മരണം. ചുമട്ടുതൊഴിലാളിയാണ് കൊല്ലപ്പെട്ട മുഹമ്മദ് ഹനീഫ്. ഇയാളുടെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺമക്കൾക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഹനീഫിന്റെ മകൻ വെള്ളിയാഴ്ച രാത്രി 11 മണിയോടെ, വീടിനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്ക് എടുക്കാൻ പുറത്തേക്ക് പോയി. നാലോ അഞ്ചോ ആൺകുട്ടികൾ അടങ്ങുന്ന സംഘം ബൈക്കില്‍ ഇരിക്കുന്നുണ്ടായിരുന്നു. അവരോട് മാറാൻ ആവശ്യപ്പെട്ടെങ്കിലും പിന്മാറിയില്ല. വാക്കുതർക്കം സംഘർഷത്തിലേക്ക് നീങ്ങി.
ബഹളം കേട്ട് എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ ഹനീഫ് പുറത്തേക്ക് ഓടി. മകനെ ഒരു സംഘം ആക്രമിക്കുന്നത് കണ്ട അദ്ദേഹം രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാൽ സംഘം ഇയാൾക്ക് നേരെ തിരിയുകയും ഇഷ്ടിക കൊണ്ട് മർദിക്കുകയും ചെയ്തു. പൊലീസ് സംഘം ഉടൻ സ്ഥലത്തെത്തി. ഹനീഫിനെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
ദില്ലിയില്‍ പതിനെട്ടാമത് ജി20 ഉച്ചകോടി നടക്കുന്നതിനിടെ കനത്ത പൊലീസ് കാവലുള്ളപ്പോഴാണ് സംഭവം. 50000 പൊലീസുകാരെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഡോഗ് സ്ക്വാഡും സ്ഥലത്തുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam