
ബെംഗളൂരു: ഡോക്ടറാണെന്ന വ്യാജേന ഡെലിവറി ബോയിയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പഞ്ചാബ് സ്വദേശിയായ ബെംഗളൂരുവിലെ ഹെബ്ബാളില്‍ കഴിയുന്ന ക്ഷിതിജ് മല്‍ഹോത്ര (25) ആണ് അറസ്റ്റിലായത്. ബെംഗളൂരുവില്‍ ഔട്ട്ലെറ്റുകളുള്ള ചെന്നൈ കേന്ദ്രമായിട്ടുള്ള ഇലക്ട്രോണിക്സ് അപ്ലൈയ്ന്‍സസ് കമ്പനിയില്‍നിന്നാണ് ഓണ്‍ലൈനായി ഇയാള്‍ 1.29 ലക്ഷം രൂപ വിലവരുന്ന സ്മാര്‍ട്ട് ഫോണ്‍ ഓര്‍ഡര്‍ ചെയ്തത്. പിന്നീട് തുച്ഛമായ തുക മാത്രം നല്‍കികൊണ്ട് ഡെലിവറി ബോയില്‍നിന്ന് ഫോണ്‍ കൈപറ്റിയശേഷം കടന്നുകളയുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മല്‍ഹോത്രയുടെ ഓര്‍ഡര്‍ മല്ലേശ്വരത്തെ സ്ഥാപനത്തിന്‍റെ റീട്ടെയിലര്‍ കണ്‍ട്രോള്‍ റൂമിലാണ് ലഭിക്കുന്നത്. തുടര്‍ന്ന് ഫോണ്‍ കൈമാറുന്നതിനായി സ്ഥാപനത്തിലെ എക്സിക്യൂട്ടീവ് മല്‍ഹോത്രയെ ഫോണില്‍ വിളിച്ചു. ജെ.പി നഗറിലുള്ള സ്വകാര്യ ആശുപത്രിയിലെ ഡോക്ടറാണ് താനെന്നും ഫോണ്‍ ആശുപത്രിയിലെത്തിക്കാനുമാണ് മല്‍ഹോത്ര മറുപടിയായി പറഞ്ഞത്. വിശ്വാസ്യതക്കായി 1000 രൂപ ഓണ്‍ലൈനായി അയക്കുകയും ചെയ്തു. മല്‍ഹോത്രയുടെ അഭ്യര്‍ഥനപ്രകാരം ജെ.പി നഗറിന് അടുത്തുള്ള സ്ഥാപനത്തിന്‍റെ രാജാജിനഗറിലെ ഔട്ട് ലെറ്റില്‍നിന്ന് ഫോണ്‍ എത്തിച്ചുനല്‍കാന്‍ എക്സിക്യൂട്ടീവ് അവിടത്തെ ജീവനക്കാരന് നിര്‍ദേശം നല്‍കി.
തുടര്‍ന്ന് ഡെലിവറി ബോയി ആശുപത്രിയില്‍ മൊബൈലുമായി എത്തിയപ്പോള്‍ താന്‍ ഓപറേഷന്‍ തിയറ്ററിലാണെന്നും സര്‍ജറി നടത്തികൊണ്ടിരിക്കുകയാണെന്നും കാത്തുനില്‍ക്കണമെന്നും ആവശ്യപ്പെട്ടു. ഒരു മണിക്കൂറിനുശേഷം ഇയാളെത്തി ഡെലിവറി ബോയിയോട് ആശുപത്രിയുടെ നാലാം നിലയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. പണമടങ്ങിയ പഴ്സ് അവിടെയാണ് ഉള്ളതെന്ന് പറഞ്ഞാണ് ഡെലിവറി ബോയിയെ നാലാം നിലയിലേക്ക് കൂട്ടികൊണ്ടുപോയത്. ഇതിനിടയില്‍ ഓണ്‍ലൈനായി 10000 രൂപ കൂടി അയച്ചശേഷം ഡെലിവറി ബോയിയുടെ വിശ്വാസ്യത പിടിച്ചുപറ്റി ഫോണ്‍ കൈപറ്റി. തുടര്‍ന്ന് ബാക്കി തുക എടുത്തുവരാനെന്ന് പറഞ്ഞുകൊണ്ട് ഒഴിഞ്ഞ മുറിയിലേക്ക് മല്‍ഹോത്ര കയറി. 15 മിനുട്ടോളം കാത്തുനിന്നിട്ടും മല്‍ഹോത്ര പുറത്തുവരാതായതോടെ മുറിയില്‍ കയറി നോക്കിയപ്പോഴാണ് എമര്‍ജെന്‍സി എക്സിറ്റ് വഴി മുങ്ങിയതായി ഡെലിവറി ബോയി തിരിച്ചറിഞ്ഞത്.
ഉടനെ തന്നെ പോലീസ് ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതി നല്‍കുകയായിരുന്നു. വഞ്ചനാകുറ്റത്തിന് കേസെടുത്താണ് പോലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. വളരെ ആസൂത്രിതമായാണ് പ്രതി മോഷണം നടത്തിയതെന്നും ഡെലിവറി ബോയി എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ വെള്ള കോട്ട് അണിഞ്ഞ് ഇയാള്‍ ആശുപത്രിയിലെത്തി എല്ലാകാര്യങ്ങളും നിരീക്ഷിച്ചശേഷമാണ് പദ്ധതി നടപ്പാക്കിയതെന്നും പോലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam