
സ്ഥലം മഹാരാഷ്ട്രയിലെ ബുൽഠാണ. ഇവിടെ നിന്ന് വളരെ വിചിത്രമായ ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവിടെ ഒരു പെട്രോൾ പമ്പിൽ, കുപ്പിയിൽ പെട്രോൾ നൽകാഞ്ഞതിൽ കുപിതനായി പമ്പുടമയുടെ മുറിക്കുള്ളിലേക്ക് ഉഗ്രവിഷമുള്ള പാമ്പിനെ വലിച്ചെറിഞ്ഞ് യുവാവ്. യുവാവിന്റെ ഈ പ്രവൃത്തി ഓഫീസ് മുറിയിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്.
ബുൽഠാണ-മൽകാപൂർ റോഡിലുള്ള ചൗധരി പെട്രോൾ പമ്പിൽ ഇന്നലെ വൈകുന്നേരമാണ് ഈ സംഭവം നടന്നത്. പെട്രോൾ ആവശ്യപ്പെട്ട് കുപ്പിയുമായി രണ്ടുയുവാക്കൾ പമ്പിലെത്തി. എന്നാൽ ലോക്ക് ഡൗൺ പ്രമാണിച്ച് രാവിലെ 9 മണി തൊട്ട് ഉച്ചക്ക് 3 മണി വരെ മാത്രമേ പ്രദേശത്ത് പെട്രോൾ പമ്പുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നുള്ളു. പമ്പിലെ ജീവനക്കാർ ഈ വിവരം യുവാക്കളെ അറിയിക്കുകയും പെട്രോൾ നൽകാൻ ആവില്ല എന്ന് പറയുകയും ചെയ്തു. അതിനു ശേഷം അവർ ജീവനക്കാരോട് കുപ്പിയിൽ നിറച്ചു തന്നാൽ മതിയാകും എന്നായി. പെട്രോൾ പമ്പ് പ്രവർത്തിച്ചിരുന്നെങ്കിൽ പോലും കുപ്പിയിൽ പെട്രോൾ നൽകരുത് എന്ന് പൊലീസ് നിർദേശമുണ്ട് എന്ന മറുപടിയാണ് അപ്പോൾ യുവാക്കൾക്ക് ജീവനക്കാർ നൽകിയത്. ഇങ്ങനെ പറഞ്ഞത് യുവാക്കളെ കുപിതരാക്കി.
അപ്പോൾ പമ്പിൽ നിന്ന് അവർ പോയി എങ്കിലും, അധികം വൈകാതെ തന്നെ അവർ തിരിച്ചെത്തി. ഇത്തവണ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് പാത്രവും ഉണ്ടായിരുന്നു. അവർ നേരെ നടന്നുചെന്നത് പമ്പുടമയുടെ ഓഫീസ് മുറിയിലേക്കായിരുന്നു. ആ മുറിയുടെ വാതിൽക്കൽ ചെന്നു നിന്ന അവർ അതിനുള്ളിലേക്ക് വലിച്ചെറിഞ്ഞത് ഉഗ്ര വിഷമുള്ള മൂന്നു മൂർഖൻ പാമ്പുകളെയാണ്.
ഈ സംഭവം ഉണ്ടായതിന് പിന്നാലെ ജീവനക്കാർ ഒരു പാമ്പുപിടുത്തക്കാരൻ വിളിച്ചുവരുത്തി മൂന്നു പാമ്പുകളെയും പിടികൂടി. അതിനു ശേഷം പമ്പുടമ സിസിടിവി വീഡിയോ ഫുട്ടേജ് സഹിതം ബുൽഠാണ സ്റ്റേഷനിൽ യുവാക്കൾക്കെതിരെ പരാതി നൽകി. അന്വേഷണത്തിൽ ഈ യുവാക്കൾ വനംവകുപ്പിലെ സ്നേക്ക് റെസ്ക്യൂ ഡിപ്പാർട്ട്മെന്റിൽ താത്കാലിക ജോലിക്കാരാണ് എന്ന് മനസ്സിലായി.
പെട്രോൾ കിട്ടാഞ്ഞതിൽ കുപിതനായി ഡിപ്പാർട്ട്മെന്റ് ഓഫീസിലേക്ക് വന്ന യുവാക്കൾ അവിടെ സൂക്ഷിച്ചിരുന്ന മൂന്നു മൂർഖൻ പാമ്പുകളെ കട്ടിൽ കൊണ്ടുവിട്ടിട്ടു വരാം എന്നും പറഞ്ഞുകൊണ്ട് എടുത്തുകൊണ്ട് പമ്പിലേക്ക് വരികയാണ് ഉണ്ടായതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ ഇപ്പോഴും പൊലീസ് അന്വേഷണം പുരോഗമിക്കുന്നതേയുള്ളു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam