Omicron : ഒമിക്രോൺ വ്യാപനത്തോടെ വിഷാദം, ഡോക്ടർ ഭാര്യയെയും മക്കളെയും കൊന്ന് ഒളിച്ചോടി, പ്രതിയെ തിരഞ്ഞ് പൊലീസ്

By Web TeamFirst Published Dec 4, 2021, 7:53 PM IST
Highlights

ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. സുശീൽ കുമാറാണ് തന്റെ 48 കാരിയായ ഭാര്യയെയും 18 ഉം  15 ഉം വയസുള്ള പെൺ മക്കളെയും കൊലപ്പെടുത്തിയത്....

ലക്നൌ: ഒമിക്രോണിന്റെ (Omicron) വ്യാപനത്തിൽ ഭയന്ന് ഡോക്ടർ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയതായി (Murder) റിപ്പോർട്ട്. വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശിലെ (Uttar Pradesh) കാൺപൂരിൽ ഡോക്ടർ ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയത്. കൊലപാതകത്തിന് പിന്നാലെ കാണാതായ ഡോക്ടറെ പൊലീസ് തിരയുകയാണ്. 

കാൺപൂരിലെ ഒരു ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവിയായ ഡോ. സുശീൽ കുമാറാണ് തന്റെ 48 കാരിയായ ഭാര്യയെയും 18 ഉം 15 ഉം വയസുള്ള പെൺ മക്കളെയും കൊലപ്പെടുത്തിയത്. തുടർന്ന് പൊലീസിനെ വിളിക്കാൻ ആവശ്യപ്പെട്ട് സഹോദരന് സന്ദേശം അയച്ചു. എന്നാൽ പൊലീസോ സഹോദരനോ എത്തുന്നതിന് മുമ്പ്, അയാൾ സംഭവസ്ഥലത്ത് നിന്ന് ഓടിപ്പോയി.

സ്ഥലത്തെത്തിയ പോലീസ് മൂന്ന് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സമീപത്ത് നിന്ന് രക്തം പുരണ്ട ചുറ്റികയും കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്ത് നിന്ന് കിട്ടിയ ഡയറിയിലാണ് ജനിതക വ്യതിയാനം സംഭവിച്ച ഒമിക്രോണിന്റെ വ്യാപനത്തിൽ പ്രതി മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് വ്യക്തമായത്. "ഒമിക്രൊൺ എല്ലാവരെയും കൊല്ലും, എന്റെ അശ്രദ്ധ കാരണം, രക്ഷപ്പെടാൻ പ്രയാസമുള്ള ഒരു ഘട്ടത്തിൽ ഞാൻ കുടുങ്ങി." - എന്ന് ഡയറിയിൽ കുറിച്ചിരുന്നു. 

പ്രതി ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഡയറിയിൽ തനിക്കുള്ള ഭേദമാക്കാനാവാത്ത രോഗത്തെ കുറിച്ച് അയാൾ പ്രതിപാതിക്കുന്നുണ്ടെന്നുമാണ് റിപ്പോർട്ട്. തന്റെ കുടുംബത്തെ പ്രശ്‌നത്തിലാക്കാൻ  കഴിയില്ലെന്നും അതിനാൽ എല്ലാവരേയും വിമോചനത്തിന്റെ പാതയിലാക്കിയെന്നും അദ്ദേഹം ഡയറിയിൽ കുറിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 
 

click me!