
ഉടുമ്പൻചോല: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം കോൺഗ്രസ് പ്രവർത്തകരുടെ മർദ്ദനത്തിൽ പരിക്കേറ്റ സിപിഎം പ്രവർത്തകൻ മരിച്ച സംഭവത്തിന് പിന്നിൽ 200 രൂപയെ ചൊല്ലിയുള്ള തർക്കമാണ് കാരണമെന്ന് പൊലീസ്. ഉടുമ്പൻചോല വിശ്വനാഥൻ കോളനിയിൽ സെൽവരാജ് (60) ആണ് മധുര രാജാജി മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ചത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച് ഇന്നലെ സിപിഎം രംഗത്തെത്തിയിരുന്നു. ഉടുമ്പൻചോലയിൽ സിപിഎം പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം നടന്നിരുന്നു.
സെൽവരാജിനെ ആക്രമിച്ച പൂക്കലാർ സ്വദേശി അരുൾ ഗാന്ധിയെ (56) ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. അരുൾ ഗാന്ധിയുടെ മകനും ആക്രമണത്തിൽ പങ്കുള്ളതായാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപന ദിവസം ശെൽവരാജ് ഉടുമ്പൻചോല പൂക്കലാറിലെ ഒരു മരണ വീട്ടിൽ പോയിരുന്നു. ഇവിടെ നിന്നും മടങ്ങുന്നതിനിടെ വഴിയിൽ വച്ച് അരുൾ ഗാന്ധിയെ കണ്ടു. താൻ മുൻപ് കടമായി നൽകിയ 200 രൂപ തിരികെ വേണമെന്ന് ശെൽവരാജ്, അരുൾ ഗാന്ധിയോട് പറഞ്ഞു. മദ്യലഹരിയിലായിരുന്ന അരുൾ ഗാന്ധിയും ശെൽവരാജും തമ്മിൽ ഇതേ ചൊല്ലി ആരംഭിച്ച തർക്കം പിന്നീട് ഏറ്റുമുട്ടലിലെത്തി. മരുൾ ഗാന്ധിയുടെ മകനും ശെൽവരാജിനെ മർദ്ദിച്ചുവെന്ന് പൊലീസ് പറയുന്നു.
സംഘർഷത്തിനിടെ ശെൽവരാജിന്റെ തലയിൽ അരുൾ ഗാന്ധി കല്ലുകൊണ്ട് ഇടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആന്തരിക രക്തസ്രാവത്തെ തുടർന്ന് തേനി ആശുപത്രിയിൽ നിന്ന് ശെൽവരാജിനെ മധുര മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ചികിത്സയിലായിരുന്ന ശെൽവരാജ് കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്.
പൂക്കലാറിൽ വാടക വീട്ടിൽ താമസിച്ചിരുന്ന അരുൾഗാന്ധിയെ ഇന്നലെ തന്നെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. എന്നാൽ ഇയാളുടെ മകനെ പിടികൂടാനായില്ല. മധുര മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടത്തിയ ശെൽവരാജിന്റെ മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകി.
ഇടുക്കിയില്‍ ഡീന്‍ കുരുയാക്കോസിന്‍റെ ലോകസഭാ തെരഞ്ഞെടുപ്പ് വിജയാഘോഷത്തിനിടെ കോണ്‍ഗ്രസുകാര്‍ ടൈലുകൊണ്ട‌് തലയ‌്ക്കടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചാണ് ശെല്‍വരാജിനെ കൊലപ്പെടുത്തിയതെന്നായിരുന്നു ഇന്നലെ ഫെയ്സ്ബുക് പോസ്റ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആരോപിച്ചത്. ശെല്‍വരാജിന്‍റെ മരണത്തിന് കെപിസിസി പ്രസിഡന്‍റ് മറുപടി പറയണമെന്ന് കോടിയേരി ആവശ്യപ്പെട്ടു.
പെരിയയിൽ നിന്ന് ചിതാഭസ്മവുമെടുത്ത് യാത്ര നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ്, സ്വന്തം മണ്ഡലത്തിൽ കോൺഗ്രസുകാരായ സഹപ്രവർത്തകർ കൊല ചെയ്ത ഈ പാവം മനുഷ്യന്‍റെ ചിതാഭസ്മവുമായി യാത്ര ചെയ്ത്, കോൺഗ്രസുകാരോട് രാഷ്ട്രീയ കൊലപാതകം അരുതെന്ന് പറയുമോ എന്നും കോടിയേരി ചോദിച്ചിരുന്നു. ഇടുക്കി എംപിയായി തെരഞ്ഞെടുക്കപ്പെട്ട ഡീന്‍ കുരിയാക്കോസിനോടായിരുന്നു കോടിയേരിയുടെ ഈ ചോദ്യം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam