
ജോധ്പൂർ (രാജസ്ഥാൻ) : ചങ്ങലയിട്ട നായയെ കാറിൽ കെട്ടിയിട്ട് ഡ്രൈവ് ചെയ്ത് പോകുന്ന ക്രൂരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. രാജസ്ഥാനിലെ ജോധ്പൂരിൽ നിന്നുള്ള വീഡിയോയിലെ കാർ ഡ്രൈവർ ഒരു ഡോക്ടറാണെന്നാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഉപയോക്താക്കൾ പറയുന്നത്. അയാൾ വേഗത്തിൽ കാർ ഓടിച്ച് പോകുമ്പോൾ നായ പിടിച്ചുനിൽക്കാൻ പാടുപെടുന്നത് വീഡിയോയിൽ കാണാം.
ഈ ക്രൂരതയ്ക്ക് ഡോക്ടർക്ക് കർശന ശിക്ഷ നൽകണമെന്നാണ് നെറ്റിസൻസ് ആവശ്യപ്പെടുന്നത്. കാറിനെ പിന്തുടർന്ന വാഹനമാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മോട്ടോർ സൈക്കിളിൽ വന്ന ഒരാൾ തന്റെ വാഹനം കാറിന് മുന്നിൽ ചെന്ന് നിർത്തി ഡ്രൈവറെ നിർബന്ധിച്ച് നിർത്തിക്കുകയായിരുന്നു.
തിരക്കേറിയ റോഡിലാണ് സംഭവം. നീളമുള്ള കയർ ആണ് നായയുടെ കഴുത്തിൽ കെട്ടിയിരുന്നത്. അതിനാൽ തന്നെ നായയുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലാണ് അത് വാഹനത്തിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് നീങ്ങുന്നത്. കാർ നിർത്തിയതോടെ നാട്ടുകാർ വാഹനത്തിനു ചുറ്റും തടിച്ചുകൂടി നായയുടെ ചങ്ങല അഴിച്ചുമാറ്റുകയാണ് ഒടുവിൽ ഉണ്ടായത്. അവരിൽ ചിലർ ഒരു എൻജിഒയെ വിവരമറിയിക്കുകയും നായയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.
എൻജിഒ ഡോഗ് ഹോം ഫൗണ്ടേഷൻ പോസ്റ്റ് ചെയ്ത ട്വീറ്റ് പ്രകാരം ഡോക്ടറുടെ പേര് രജനീഷ് ഗാൽവ എന്നാണ്. തന്റെ വീടിന് സമീപം തെരുവ് നായകൾ ഏറെയാണെന്നും അവയെ നീക്കം ചെയ്യാൻ ശ്രമിക്കുകയാണെന്നുമാണ് ഡോക്ടർ പറഞ്ഞതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
"ഇത് ചെയ്തയാൾ ഒരു ഡോ. രജനീഷ് ഗ്വാലയാണ്, നായയുടെ കാലുകൾക്ക് ഒന്നിലധികം ഒടിവുകൾ ഉണ്ട്, ഈ സംഭവം ശാസ്ത്രി നഗർ ജോധ്പൂരിലാണ്,..." എന്നായിരുന്നു എൻജിഒയുടെ ട്വീറ്റ്. മൃഗപീഡന നിയമപ്രകാരം നൽകിയ പരാതിയിൽ പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ പകർപ്പും എൻജിഒ പോസ്റ്റ് ചെയ്തു.
വീഡിയോ ഷെയർ ചെയ്തതു മുതൽ ട്വിറ്റർ ഉപയോക്താക്കൾ രോഷം പ്രകടിപ്പിച്ച് രംഗത്തെത്തി. ഡോക്ടറെ "ഹൃദയമില്ലാത്തവൻ" എന്ന് വിളിച്ചാണ് പലരും രോഷം പ്രകടിപ്പിക്കുന്നത്. അയാളുടെ ലൈസൻസ് റദ്ദാക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട് ചിലർ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam