
ചെന്നൈ: സംശയത്തിന്റെ പേരിലുണ്ടായ തർക്കത്തിനൊടുവിൽ അഞ്ചുമാസം ഗർഭിണിയായ ഭാര്യയെ യുവാവ് കൊലപ്പെടുത്തി. തമിഴ്നാട് കാഞ്ചീപുരം സ്വദേശിയായ സോമസുന്ദരം(28) ആണ് ഭാര്യ സോണിയ(28)യെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പ്രതിയായ സോമസുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം.
ഹോംഗാർഡായ സോമസുന്ദരവും സോണിയയും ആറുമാസം മുൻപാണ് വിവാഹിതരായത്. എന്നാൽ, വിവാഹശേഷം ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നു. സോണിയ ഗർഭിണിയായതോടെ ഇതേച്ചൊല്ലിയായി തർക്കം. ഗർഭത്തിന് ഉത്തരവാദി താനല്ലെന്നും കുഞ്ഞ് തന്റേതല്ലെന്നുമായിരുന്നു സോമസുന്ദരത്തിന്റെ വാദം. ചൊവ്വാഴ്ച പുലർച്ചെ ദമ്പതിമാർ തമ്മിൽ ഇതേച്ചൊല്ലി വീണ്ടും വഴക്കുണ്ടായി. തുടർന്നാണ് പ്രതി ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് സംഭവം പുറത്തറിയുന്നത്. സോണിയയെ രാവിലെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ മാതാപിതാക്കൾ ഇവരുടെ വീട്ടിലെത്തിയിരുന്നു. തുടർന്ന് വീട്ടിൽ കയറിയതോടെയാണ് സോണിയയെ മരിച്ചനിലയിൽ കണ്ടത്. ഉടൻതന്നെ ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി മൃതദേഹം ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. മണിക്കൂറുകൾക്കുള്ളിൽ പ്രതിയായ സോമസുന്ദരത്തെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
സോണിയയുടെ ഗർഭാവസ്ഥയിലുള്ള കുഞ്ഞ് തന്റേതല്ലെന്ന മൊഴിയാണ് സോമസുന്ദരം പൊലീസിനോടും ആവർത്തിച്ചത്. തനിക്ക് കുട്ടികളുണ്ടാകില്ലെന്നും ഇതുസംബന്ധിച്ച ആരോഗ്യപ്രശ്നങ്ങളുണ്ടെന്നുമാണ് ഇയാളുടെ മൊഴി. അതിനാൽ ഭാര്യയുടെ ഗർഭത്തിന് ഉത്തരവാദി മറ്റാരോ ആണെന്ന് സംശയിക്കുന്നതായും പ്രതി പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ കൊലക്കുറ്റം ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷം പ്രതിക്കെതിരേ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്നും വിവാഹം കഴിഞ്ഞ് ഏഴുവർഷത്തിനിടെ സംഭവിച്ച മരണമായതിനാൽ ആർഡിഒയുടെ സാന്നിധ്യത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam