
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കള്ളകടത്തിൽ നാല് വിമാനത്താവള ജീവനക്കാരനും ഒരു ഇടനിലക്കാരനും അറസ്റ്റിൽ. കഴിഞ്ഞ ആറുമാസത്തിനിടെ നൂറു കിലോ സ്വർണം വിമാനത്താവളം വഴി ജീവനക്കാർ കടത്തിയെന്ന് ഡിആർഐ കണ്ടെത്തി. വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിൽ ഇതുവരെ എട്ടുപേരാണ് പിടിലായത്.
വിമാനമിറങ്ങിയ ശേഷം വിമാനത്താവളത്തിലേക്കുള്ള ബസ് യാത്രക്കിടയിലോ - ശുചിമുറിയിൽ വച്ചോ ആണ് ഗ്രൗണ്ട് ഹാൻറിലിംഗ് ജീവനക്കാർക്ക് കള്ളകടത്തു സംഘം സ്വർണം കൈമാറുന്നത്. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം കള്ളക്കടത്തുകാർ പുറത്തിറങ്ങുമ്പോള്‍ ജീവനക്കാർ സ്വർണവും പുറത്തെത്തിക്കും. ഇത്തരത്തില്‍ കള്ളകടത്തു സംഘത്തിൻറെ കണ്ണികളായ മെബിൻ, നബീൽ, റോണി, ഫൈസൽ എന്നിവരെയാണ് ഡിആർഐ പിടികൂടിയത്.
എയർ-ഇന്ത്യ സാറ്റസ്, ഭദ്രാ ഏജൻസി എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാരാണിവർ. വിമാനത്താവളത്തിലെ കരാർ ഏജൻസിയിലെ ജീവനക്കാരായതിനാൽ സിഐഎസ്എഫ് പരിശോധിക്കാറില്ലായിരുന്നു. കള്ളകടത്തുകാരെയും ജീവനക്കാരയെയും ഏകോപിച്ചിരുന്നത് തകരപ്പറമ്പിൽ മൊബൈൽ കട നടത്തുന്ന ഉഫൈസാണെന്ന് ഡിആർഐ പറയുന്നു.
കിട്ടുന്ന പണം സംഘത്തിലുള്ളവർ വീതിച്ചെടുക്കുമായിരുന്നു. പണം വീതിച്ചെടുക്കുന്നതിൻറെ കണക്കുകള്‍ ജീവനക്കാർ ഡയറിയിൽ രേഖപ്പെടുത്തുകയും വാട്സ് ആപ്പ് സന്ദേശങ്ങള്‍ പരസ്പരം അയക്കുകയും ചെയ്യുമായിരുന്നു. ഈ രേഖകളെല്ലാം ഡിആർഐക്ക് ലഭിച്ചു. രണ്ടു കള്ളകടത്തുകാരിൽ നിന്നും അഞ്ചരകിലോ സ്വർണം വാങ്ങുന്നതിനിടെ എയർ-ഇന്ത്യ സാറ്റസിലെ ജീവനക്കാരനായ മുഹമ്മദ് ഷിനാസിനെ ഡിആർഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ഇയാളിൽ നിന്നാണ് സംഘത്തിലെ മറ്റുള്ളവരെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ലഹരി വസ്തുക്കളും സംഘം കടത്തിയിട്ടുണ്ടോയെന്ന സംശയം ഡിആർഐക്കുണ്ട്. ഇതിനായി റിമാന്റിലായ പ്രതിയകളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ പലപ്പോഴും വിദേശത്തുനിന്നുമെത്തുന്ന കള്ളകടത്തുകാരെ കസ്റ്റഡിലെടുത്ത് പരിശോധിക്കുമ്പോള്‍ സ്വർണം ലഭിച്ചിരുന്നില്ല. എന്നാല്‍ സ്വർണം ശുചിമുറിയിൽ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് ജീവനക്കാരുടെ റാക്കറ്റിലേക്ക് അന്വേഷണം നീണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam