തീരാത്ത ദൃശ്യം മോഡൽ; മുംബൈയിൽ 12കാരിയുടെ കൊലപാതം മറച്ച് വച്ചത് ദൃശ്യം മോഡലിൽ

By Sreenath ChandranFirst Published Jul 15, 2022, 3:06 PM IST
Highlights

ജാൻവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തിയത് ഏതാണ്ട് രണ്ട് മാസത്തിന് ശേഷമാണ്. കാണാതാവുന്നതിന് തലേന്ന് കുട്ടിയെ അമ്മാവൻ മർദ്ദിച്ചിരുന്നതായി സഹോദരൻ പൊലീസ് മൊഴി നൽകി. 

മുംബൈ: ഏപ്രിൽ 20നാണ് 12കാരി ജാൻവി ഹാദലിനെ കാണാനില്ലെന്ന പരാതി മുംബൈ പൊലീസിന് കിട്ടുന്നത്. അമ്മാവൻ ഗൺപത് ഹാദലും, അമ്മായി ജ്യോതി ഹാദലുമായിരുന്നു പരാതിക്കാർ. സ്കൂളിലേക്കയച്ച കുട്ടി മടങ്ങിയെത്തിയില്ലെന്നായിരുന്നു പരാതി. പൊലീസ് അന്വേഷണം തുടങ്ങി.സ്കൂളിൽ ആദ്യം അന്വേഷിച്ചു. കുട്ടി അന്ന് അവധിയായിരുന്നെന്ന് അധ്യാപകർ പറഞ്ഞു.സിസിടിവിയും സ്കൂളിന്‍റെ പരിസരത്തൊന്നും കുട്ടിയില്ല. 

തുടർന്നുള്ള ദിനങ്ങളിൽ ദമ്പതികൾ മറ്റ് ചിലയിടത്ത് കുട്ടിയെ കണ്ടതായി പൊലീസിനെ വിവരം അറിയിച്ച് കൊണ്ടിരുന്നു. ഒരു ദിനം ദഹിസറിൽ ആൾത്തിരക്കിനിടയിൽ പോവുന്നത് കണ്ടു, മറ്റൊരു ദിനം ഗൊരേഗാവിൽ ഒരു പയ്യനോടൊപ്പം ബൈക്കിൽ പോവുന്നു. ഈ സ്ഥലങ്ങളിലെല്ലാം പൊലീസ് ചെന്ന് നോക്കി. സിസിടിവികൾ പരിശോധിച്ചു. ഒരു തുമ്പും കിട്ടിയില്ല. അച്ഛനും അമ്മയും വേർ പിരിഞ്ഞതിനാൽ ജാൻവിയും സഹോദരനും താമസിക്കുന്നത് അമ്മാവന്‍റെ വീട്ടിലാണ്. ഹൃദയ സംബന്ധിയായ അസുഖം ഉള്ളതിനാൽ കുഴഞ്ഞ് വീഴാനുള്ള സാധ്യതയുണ്ടെന്ന് അച്ഛൻ പൊലീസിനോട് പറഞ്ഞു

വഴിത്തിരിവായി ഡോക്ടറുടെ മൊഴി

ജാൻവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണം വഴിത്തിരിവിലെത്തിയത് ഏതാണ്ട് രണ്ട് മാസത്തിന് ശേഷമാണ്. കാണാതാവുന്നതിന് തലേന്ന് കുട്ടിയെ അമ്മാവൻ മർദ്ദിച്ചിരുന്നതായി സഹോദരൻ പൊലീസ് മൊഴി നൽകി. തലയിൽ നിന്ന് ചോര വന്നെന്നായാണ് മൊഴി. അങ്ങനെയെങ്കിൽ ഏതെങ്കിലും ഡോക്ടറെ കാണിച്ചിരിക്കാമെന്ന് പൊലീസ് കരുതി. സമീപത്തെ ക്ലിനിക്കുകളിലെല്ലാം അന്വേഷിച്ചു. മലാഡിലുള്ള ഒരു സായ് ക്ലിനിക്കിലെ ഡോക്ടർ കേസിൽ വഴിത്തിരിവാകുന്ന മറ്റൊരു മൊഴി നൽകി. ഡോ അശോക് എച്ച് എ യുടെ വാക്കുകൾ ഇങ്ങനെ. ഏപ്രിൽ 19ന് കുട്ടിയുമായി അമ്മാവനും അമ്മായിയും ക്ലിനിക്കിലെത്തി. തലയ്ക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. ക്ലിനിക്കിലെ ചികിത്സ പോരെന്ന് പറഞ്ഞ് അവരോട് വലിയ ഏതെങ്കിലും ആശുപത്രിയിലെത്തിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞ് ആദ്യം വാശി പിടിച്ച അവർ കുട്ടിയുമായി പോയി. അപ്പോൾ കുട്ടിയെ രാവിലെ സ്കൂളിൽ വിട്ടെന്ന കഥ?

കൊലപാതകികൾ അമ്മാവനും അമ്മായിയും

ഇതൊരു കൊലപാതകമാണെന്നും പ്രതികൾ അമ്മാവനും അമ്മായിയും ആണെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തി. തുടരന്വേഷണത്തിലാണ് പ്രതികളുടെ കൂർമ്മ ബുദ്ധി മനസിലായത്. കുട്ടിയെ കൊണ്ടുവന്ന ക്ലിനിക്കിന് സമീപത്ത് പിന്നീടുള്ള ദിവസങ്ങളിലും ദമ്പതിമാർ വന്നു. അവിടെ സിസിടിയുള്ള ഇടങ്ങൾ നോക്കാനായിരുന്നു വന്നത്. അങ്ങനെ ഒരു കടയിൽ സിസിടിവി കണ്ടെത്തി. എത്ര ദിവസം സിസിടിവിയിലെ ദൃശ്യങ്ങൾ സൂക്ഷിച്ച് വയ്ക്കുമെന്ന് അന്വേഷിച്ചു.അത്രയും നാൾ അന്വേഷണം ആ ഭാഗത്തേക്ക് വരാതിരിക്കാൻ കള്ളക്കഥകൾ പറഞ്ഞ് പൊലീസിനെ ചുറ്റിച്ചു.  കടക്കാരൻ ഇക്കാര്യങ്ങളെല്ലാം പൊലീസിന് മൊഴി നൽകി.പക്ഷെ മറ്റൊരിടത്ത് പൊലീസ് വീണ്ടും പെട്ടു. രാവിലെ കുട്ടിയെയും കൊണ്ട് ദമ്പതിമാർ സ്കൂളിലേക്ക് പോവുന്നത് കണ്ടെന്ന് അയൽക്കാരും സുഹൃത്തുക്കളും മൊഴി നൽകി.ആ ദൃശ്യം നേരിൽ കണ്ടെന്ന പോലെയായിരുന്നു മൊഴികൾ

ദൃശ്യം സിനിമ കണ്ടത് പലവട്ടം

അപ്പോഴാണ് ജാൻവിയുടെ സഹോദരൻ മറ്റൊരു ലീഡ് അന്വേഷണ സംഘത്തിന് നൽകിയത്. കുട്ടിയെ കാണാതായ ദിനം തൊട്ട് ദമ്പതിമാർ ദൃശ്യം സിനിമ പലവട്ടം കണ്ടിട്ടുണ്ട്.മോഹൽലാൽ നായകനായ ദൃശ്യത്തിന്‍റെ ഹിന്ദി റീമേക്കാണ് കണ്ടത്.  എന്തിനാണ് പലവട്ടം കാണുന്നതെന്ന് ചോദിച്ചപ്പോൾ സിനിമ വല്ലാതെ രസം പിടിപ്പിച്ചതായാണ് മറുപടി കിട്ടിയത്. പക്ഷെ കുറ്റകൃത്യം മറയ്ക്കാൻ സിനിമയെ പാഠപുസ്തമാക്കുകയായിരുന്നു പ്രതികൾ ചെയ്തത്. കുട്ടിയ സ്കൂളിൽ വിട്ടെന്ന നുണക്കഥ അയൽക്കാരെയും സുഹൃത്തുക്കളെയുമെല്ലാം വിശ്വസിപ്പിച്ചു. അവരും കൂടെ കണ്ടതല്ലേ എന്നമട്ടിലായിരുന്നു അവരോടൊല്ലാമുള്ള സംസാരം. അങ്ങനെയാണ് പൊലീസിനോട് കുട്ടിയെ സ്കൂളിൽ വിട്ടെന്ന നുണക്കഥ അയൽക്കാരും സുഹൃത്തുക്കളും ആവർത്തിച്ചത്.

കൊന്ന് ചതുപ്പിൽ താഴ്ത്തി

ദൃശ്യം മോഡലിൽ മൃതദേഹം കണ്ടെത്താൻ പൊലീസിന് ഇതുവരെ ആയിട്ടില്ല. ദമ്പതികളുടെ വീടിനടുത്തുള്ള ചതുപ്പിൽ താഴ്ത്തിയിരിക്കാമെന്നാണ് കരുതുന്നത്. പക്ഷെ പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തട്ടിക്കൊണ്ട് പോകൽ, കൊലപാതകം അങ്ങനെ വകുപ്പുകളും ചുമത്തി. ഇവർ റിമാൻഡിലാണ്.

വിവാഹവാഗ്ദാനം നൽകി ചതിച്ച യുവാവിനെ കുത്തിക്കൊന്ന് പൊലീസിൽ കീഴടങ്ങി യുവതി

ഭാര്യയെ കൊലപ്പെടുത്തി മക്കളുടെ മുന്നിലിട്ട് വലിയ പാത്രത്തിൽ തിളപ്പിച്ചു; പാകിസ്ഥാനിൽ ‌യുവാവിന്റെ കൊടുംക്രൂരത
 

click me!