ദൃശ്യം മോഡല്‍ കൊലപാതകം; കാമുകിയുടെ ഭര്‍ത്താവിനെ കൊന്ന് ബൈക്ക് സഹിതം കുഴിച്ച് മൂടിയ പ്രതിയും കൂട്ടാളികളും പിടിയില്‍

By Web TeamFirst Published Feb 3, 2020, 8:18 PM IST
Highlights

തന്‍റെ രണ്ട് ജോലിക്കാരുടെ സഹായത്തോടെ പങ്കജിന്‍റെ മൃതദേഹം സ്റ്റീല്‍ ഡ്രമ്മിലാക്കി. മറ്റൊരാളുടെ സഹായത്തോടെ ഭക്ഷണശാലക്ക് സമീപം 10 അടി താഴ്ചയുള്ള കുഴിയെടുത്തു.

നാഗ്പൂര്‍: യുവാവിനെ കൊലപ്പെടുത്തി ബൈക്ക് സഹിതം കുഴിച്ചുമൂടിയ കേസില്‍ ഭാര്യയുടെ കാമുകനും കൂട്ടാളികളും അറസ്റ്റില്‍. ഒരുമാസത്തിന് ശേഷമാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഇലക്ട്രീഷ്യനായ പങ്കജ് ദിലിപ് ഗിരാംകര്‍(32) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അമര്‍ സിംഗ്(ലല്ലു ജോഗേന്ദര്‍ സിംഗ്-24)എന്ന യുവാവാണ് പൊലീസ് പിടിയിലായത്. മൃതദേഹം കുഴിച്ചിടാന്‍ സഹായിച്ചവരെയും പൊലീസ് അറസ്റ്റ് ചെയ്തു. 

മോഹന്‍ലാല്‍ ചിത്രം ദൃശ്യത്തിന്‍റെ ഹിന്ദി പതിപ്പാണ് കൊലക്ക് പ്രചോദനമായതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. പങ്കജ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ തൊട്ടടുത്തുള്ള ഭക്ഷണശാലയുടെ ഉടമയാണ് അമര്‍ സിംഗ്. പങ്കജിന്‍റെ ഭാര്യയുമായി അമര്‍ സിംഗിനുള്ള ബന്ധം ചോദ്യം ചെയ്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഭാര്യക്ക് അമര്‍ സിംഗുമായുള്ള ബന്ധം ഒഴിവാക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് പങ്കജ് കുടുംബത്തോടൊപ്പം സമീപ ജില്ലയായ വര്‍ധയിലേക്ക് മാറി.  അമര്‍ സിംഗിന്‍റെ ഭക്ഷണശാലയിലെത്തി ഇനി ബന്ധം തുടരരുതെന്ന് താക്കീത് നല്‍കി. ചായക്കടയില്‍ വെച്ച് ഇരുവരും വാക്കേറ്റവും അടിപിടിയുമായി. തുടര്‍ന്ന് അമര്‍ സിംഗ് ചുറ്റിക ഉപയോഗിച്ച് പങ്കജിന്‍റെ തലക്കടിച്ചു. തലതകര്‍ന്ന പങ്കജ് സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഭക്ഷണശാലയില്‍ ആളില്ലാത്ത സമയമാണ് സംഭവം നടന്നത്.

തന്‍റെ രണ്ട് ജോലിക്കാരുടെ സഹായത്തോടെ പങ്കജിന്‍റെ മൃതദേഹം സ്റ്റീല്‍ ഡ്രമ്മിലാക്കി. മറ്റൊരാളുടെ സഹായത്തോടെ ഭക്ഷണശാലക്ക് സമീപം 10 അടി താഴ്ചയുള്ള കുഴിയെടുത്തു. പിന്നീട് കുഴിയില്‍ 50 കിലോ ഉപ്പ് വിതറി, മൃതദേഹത്തോടൊപ്പം പങ്കജിന്‍റെ ബൈക്കും കുഴിയിലിട്ട് മൂടി. അന്വേഷണം വഴിതിരിച്ചുവിടാനായി പങ്കജിന്‍റെ മൊബൈല്‍ ഫോൺ രാജസ്ഥാനിലേക്ക് പോകുന്ന ലോറിയില്‍ ഉപേക്ഷിച്ചു. പങ്കജിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

പങ്കജിന്‍റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പൊലീസിനെ കുഴക്കി. ഭാര്യക്ക് അമര്‍സിംഗുമായുള്ള ബന്ധത്തിലേക്ക് അന്വേഷണം എത്തിയതോടെയാണ് വഴിത്തിരിവുണ്ടാകുന്നത്. വേഷം മാറി, പലതവണ അമറിന്‍റെ ഭക്ഷണശാലയിലെത്തിയ പൊലീസ് തെളിവുകള്‍ ശേഖരിച്ചു. പിന്നീട് പാചകക്കാരനായ മുന്ന രാംപ്രവേഷ് തിവാരി, തുഷാര്‍ രാകേഷ് ദോംഗ്രെ എന്നിവരെ വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് പ്രധാനപ്രതിയായ അമര്‍ സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിയില്‍ നിന്ന് മണ്ണ് നീക്കി മൃതദേഹവും ബൈക്കും പുറത്തെടുത്തു. പ്രതികളിലൊരാള്‍ ഒളിവിലാണ്. 

click me!