
കോഴിക്കോട് : ജില്ലയിലെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും വിൽപനക്കായി കൊണ്ടുവന്ന 12 കിലോയിലധികം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട് മാവൂർ കണ്ണിപറമ്പ് പഴയംകുന്നത്ത് ആദർശ് ബാബു (34) ആണ് പോലീസിന്റെ പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് ഇയാൾ പിടിയിലായത്.
കോഴിക്കോട് ജില്ല പോലീസ് മേധാവി എ വി ജോർജ്ജിന്റെ നിദ്ദേശത്തെത്തുടർന്ന് നാർകോട്ടിക് സെൽ അസി.കമ്മീഷണർ പി.സി ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്ക് ആന്റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) മാവൂർ സബ്ബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിലുള്ള മാവൂർ പോലീസും ചേർന്ന് നടത്തിയ ആസൂത്രിത നീക്കത്തിലാണ് ആദർശ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറ വിപണിയിൽ 15 ലക്ഷത്തിലധികം വില വരും.
മാവൂരിലെ ഒട്ടുമിക്ക പ്രദേശങ്ങളിലെ യുവാക്കൾക്കും ഇതര സംസ്ഥാന തൊഴിലാളികൾക്കും കഞ്ചാവ് വിൽക്കുന്നത് ആദർശാണെന്ന് മനസ്സിലാക്കിയ പോലീസ് ഇയാൾക്കായി വല വിരിച്ചിരുന്നു. കഞ്ചാവ് വാങ്ങിക്കുന്നതിനായി ഇയാൾ ആന്ധ്രയിലേക്ക് പോയതായി രഹസ്യ വിവരം ലഭിച്ച പോലീസ് ഇയാൾ തിരിച്ചെത്തിയതായി മനസ്സിലാക്കി മാവൂർ ഭാഗത്ത് പട്രോളിംഗ് ശക്തമാക്കിയിരുന്നു. പതിവ് പട്രോളിങ്ങിന്റെ ഭാഗമായുള്ള വാഹന പരിശോധനക്കിടെ പോലീസിനെ കണ്ട് വാഹനം വെട്ടിച്ച് പോകാൻ ശ്രമിച്ച ആദർശിനെ പോലീസ് സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു..
വൻതോതിൽ കഞ്ചാവ് ആന്ധ്രയിൽ നിന്നും കേരളത്തിലെത്തിക്കുന്ന കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണിയാണ് പിടിയിലായ ആദർശ്. 10 കിലോയിലധികം കഞ്ചാവുമായി ഇയാൾ കഴിഞ്ഞ വർഷം ആന്ധ്ര പോലീസിന്റെ പിടിയിലായിരുന്നു. ആ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ആന്ധ്രയിൽ കേസിന് പോയി വരുമ്പോൾ ഇയാൾ വൻതോതിൽ കഞ്ചാവ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ച് നൽകുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. വ്യാജമദ്യ വിൽപനക്കും മുൻപ് ഇയാളുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്.
മാവൂർ പോലീസ് സബ്ബ് ഇൻസ്പെക്ടർ ശ്യാമിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ പ്രസാദ്.കെ, ബിജു.എ, റിനീഷ് മാത്യു, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങളായ മുഹമ്മദ് ഷാഫി.എം, സജി.എം, അഖിലേഷ്.കെ, ജോമോൻ കെ.എ, നവീൻ എൻ, ശോജി പി, രതീഷ് എം കെ, രജിത്ത് ചന്ദ്രൻ, ജിനേഷ് എം, സുമേഷ് എ.വി എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam