
റോഹ്തക്: ഹരിയാനയിലെ മഹര്‍ഷി ദയാനന്ദ് യൂണിവേഴ്സിറ്റിയിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി സമയത്ത് ക്യാമറ ഘടിപ്പിച്ച് ഡ്രോണ്‍ പറപ്പിക്കുന്നതായി പരാതി. സംഭവത്തില്‍ പ്രതിഷേധിച്ച് 2500ഓളം പെണ്‍കുട്ടികള്‍ രംഗത്തെത്തി. പരാതി നല്‍കിയിട്ടും യൂണിവേഴ്സിറ്റി അധികൃതര്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാരോപിച്ചാണ് പെണ്‍കുട്ടികള്‍ രംഗത്തെത്തിയത്.
ഹോസ്റ്റല്‍ മുറിയിലെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിക്കുന്നതെന്നാണ് ആരോപണം. റൂമുകള്‍ക്ക് സമീപം വട്ടമിട്ട് പറക്കുന്ന ഡ്രോണുകള്‍ ചാരപ്പണിക്കാണ് ഉപയോഗിക്കുന്നതെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. കഴിഞ്ഞ രാത്രിയില്‍ രാത്രി 10 മുതല്‍ ഒരുമണിവരെ ഹോസ്റ്റല്‍ കെട്ടിടത്തിന് സമീപം ഡ്രോണ്‍ പറന്നു. യൂണിവേഴ്സിറ്റി അധികൃതരും പൊലീസും പറയുന്നത് വിമാനമാണ് പറക്കുന്നതെന്നാണ്. വിമാനവും ഡ്രോണും കണ്ടാല്‍ ഞങ്ങള്‍ക്ക് തിരിച്ചറിയില്ലേയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു.
യൂണിവേഴ്സിറ്റി അധികൃതര്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. ഡ്രോണ്‍ പറക്കുന്നതിന്‍റെ വീഡിയോയും ഫോട്ടോയും ഞങ്ങളുടെ പക്കലുണ്ട്. പരിശോധനക്കായി എപ്പോള്‍ പൊലീസ് എത്തിയാലും ഡ്രോണ്‍ അപ്രത്യക്ഷമാകും. അവര്‍ പോയാല്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam