വിദ്യാർത്ഥിയെ ലഹരി മാഫിയ കാരിയറാക്കിയ സംഭവം; പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാലെന്ന് പൊലീസ്

By Web TeamFirst Published Dec 6, 2022, 9:49 PM IST
Highlights

ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അവശതയിലായ പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സലിംഗ് കൊടുക്കാതെയായിരുന്നു മൊഴി എടുത്തതെന്നാണ് ബന്ധുക്കളുടെ പരാതി.

കോഴിക്കോട്: പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാല്ലെന്ന് കോഴിക്കോട് ജില്ലാ പൊലീസ് മേധാവിയുടെ വിശീദകരണം. സംഭവത്തിന് പിന്നില്‍ ലഹരി മാഫിയയ്ക്ക് പങ്കുണ്ടെന്ന വിവരം ഇന്ന് മാത്രമാണ് അറിഞ്ഞത്. കേസില്‍ പൊലീസിന്‍റെ ഭാഗത്ത് വീഴ്ചയില്ലെന്നും പ്രതിയെ വിട്ടയച്ചത് തെളിവില്ലാത്തതിനാലാണെന്നുമാണ് കോഴിക്കോട് റൂറൽ എസ് പി ആർ കറുപ്പുസ്വാമി പറയുന്നത്. ലഹരിമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് അവശതയിലായ പെണ്‍കുട്ടിക്ക് മതിയായ കൗണ്‍സലിംഗ് കൊടുക്കാതെയായിരുന്നു മൊഴി എടുത്തതെന്നാണ് ബന്ധുക്കളുടെ പരാതി.

ലഹരിമരുന്ന് സംഘത്തിന്‍റെ വലയില്‍പ്പെട്ട 13 കാരിയുടെ മൊഴിയില്‍ ഇക്കഴിഞ്ഞ രണ്ടാം തീയതിയാണ് ചോമ്പാല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. അദ്നാന്‍ എന്ന യുവാവിനെതിരെ ചുമത്തിയത് പോക്സോ വകുപ്പിലെ സെക്ഷന്‍ 7 , 8 വകുപ്പുകളും ഐപിസി 354 എയുമാണ്. ജാമ്യമില്ലാ കുറ്റം ചുമത്തിയിട്ടും ഇയാളെ സ്റ്റേഷനിലേക്ക് വളിച്ച് വരുത്തി ചോദ്യം ചെയ്ത ശേഷം പറഞ്ഞുവിട്ടത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് തെളിവില്ലായിരുന്നു എന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ വിശദീകരണം. പോക്സോ വകുപ്പ പ്രകാരമാണ് ഇപ്പോൾ കേസ് എ ടുത്തിരിക്കുന്നതെന്നും സംഭവത്തിൽ ഇയാള്‍ക്ക് ബന്ധമുണ്ടോ ഇല്ലയോ എന്ന് കൂടുതൽ പരിശോധിച്ച ശേഷമേ പറയാൻ പറ്റൂ എന്നും കോഴിക്കോട് റൂറൽ എസ് പി.ആർ കറുപ്പുസ്വാമി പറഞ്ഞു.

എന്നാല്‍, തന്നെ ലഹരിമരുന്ന് മണപ്പിക്കുകയും കൈയില്‍ ഇഞ്ചക്ഷന്‍ എടുക്കുകയും ചെയ്ത് അദ്നാനെയും സംഘത്തെയും കുറിച്ച് കുട്ടിയും കുടുംബാംഗങ്ങളും പറഞ്ഞിട്ടും എഫ്ഐആറിന്‍റെ ഉളളടക്കം ആയി പറയുന്നത് ഇങ്ങനെ: എട്ടാം ക്ലാസുകാരിയായ കുട്ടിയെ പ്രതി ലൈംഗീക ഉദ്ദേശത്തോടെ കൈയില്‍ പിടിച്ചതിനാല്‍ പരാതിക്കാരിക്ക് മാനഹാനി ഉണ്ടായി. മയക്കുമരുന്ന് ഉപയോഗിത്തെപ്പറ്റിയോ മയക്കുമരുന്ന് കടത്തിന് ഉപയോഗിച്ചതിനെപ്പറ്റിയോ ഒരു പരാമര്‍ശവുമില്ല.

കുട്ടി ലഹരിയുടെ ഉപയോഗത്തിന്‍റെ ക്ഷീണത്തില്‍ ആയതിനാലും സ്റ്റേഷന്‍ പരിസരത്ത് ലഹരി സംഘത്തിന്‍റെ സാന്നിധ്യം ഉണ്ടായതിനാലും കുട്ടിക്ക് കൃത്യമായി മൊഴി നല്‍കാനായില്ലെന്ന് ബന്ധുക്കളും പറയുന്നു. ഇത്തരം സാഹചര്യത്തില്‍ വിശദനമായ കൗണ്‍സിംഗ് നടത്താന്‍ ചൈല്‍ഡ് ലൈനിന് പൊലീസ് നിര്‍ദ്ദേശം നല്‍കാറുണ്ടെങ്കിലും ഈ ഒരു സഹായവും കുട്ടിക്ക് കിട്ടിയില്ല.

click me!