
തിരുവനന്തപുരം : വര്‍ക്കല അയിരൂരിൽ പതിനഞ്ചുകാരനെ കഞ്ചാവ് മാഫിയ ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഭീഷണിപ്പെടുത്തുന്നതായി പരാതിക്കാര്‍. കേസ് പിൻവലിക്കാൻ നിരന്തര സമ്മര്‍ദ്ദമുണ്ടെന്നും കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഒമ്പത് ദിവസമായിട്ടും ഒരാളെ പോലും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടില്ല. നീതി തേടി കുടുംബം ഡിജിപിക്കും പരാതി നൽകിയിട്ടുണ്ട്.
കഞ്ചാവ് ബീഡി വലിക്കാൻ വിസമ്മതിച്ച പതിനഞ്ചുകാരനെ നാലംഗ സംഘം വീട്ടിൽ കയറി മർദ്ദിച്ചെന്ന പരാതി വര്‍ക്കല പൊലീസിന് കിട്ടുന്നത് ഇക്കഴിഞ്ഞ മൂന്നാം തീയതിയാണ്. മൊഴിയെടുക്കാനോ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ എഫ്ഐആറിൽ ശരിയായി രേഖപ്പെടുത്താനോ പോലും പൊലീസ് തയ്യാറായില്ലെന്ന് മാത്രമല്ല സംഭവം നടന്ന് ഒമ്പത് ദിവസത്തിന് ശേഷവും പ്രതികളെ പിടികൂടാനും കഴിഞ്ഞിട്ടില്ല. അതിനിടെയാണ് പ്രതികളുടെ കുടുംബാംഗങ്ങൾ കേസ് പിൻവലിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്ന പുതിയ ആരോപണം . ജീവഭയം കൊണ്ട് ബന്ധുവീട്ടിലേക്ക് മാറിയിരിക്കുകയാണ് കുടുംബം. അതിന് ശേഷം പഠനവും വഴിമുട്ടിയ അവസ്ഥയിലെന്ന് കുട്ടി പറയുന്നു.
പ്രതികളുടെ പരാതിയിൽ കുട്ടിയുടെ ബന്ധുക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പതിനഞ്ചുകാരനെ വീട്ടിൽ കയറി മർദ്ദിച്ചതിന് സാക്ഷികളില്ലാണ് പൊലീസ് വാദം. ലഹരിമാഫിയക്കെതിരായ പോരാട്ടത്തിൽ പൊലീസിനെ സഹായിക്കുന്ന മോണിറ്ററി കമ്മിറ്റി അംഗം കൂടിയാണ് മർദ്ദനമേറ്റ കുട്ടിയുടെ അച്ഛൻ. നീതി ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയ കുടുംബം ബാലാവകാശ കമ്മീഷനെയും സമീപിക്കാൻ ഒരുങ്ങുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam