
തിരുവനന്തപുരം: നെടുമങ്ങാട് മയക്കുമരുന്നും ആയുധങ്ങളുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു. വാടക വീട്ടിൽ എക്സൈസ് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും, വടിവാളും, എയർ ഗണുമായി യുവാവിനെ പിടികൂടിയത്. നിരവധി ക്രിമിനൽ കേസിലെ പ്രതിയായ 'കമ്പി റാഷിദ്' എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെയാണ് നെടുമങ്ങാട് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സ്വരൂപിന്റെ നേതൃത്വത്തിൽ തേക്കട - ചിറക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന മുഹമ്മദ് റാഷിദിനെ വീട് വളഞ്ഞാണ് സംഘം പിടികൂടിയത്.
കഴിഞ്ഞ രാവിലെ 11 മണിയോടെയാണ് സംഭവം. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് എംഡിഎംഎയും കഞ്ചാവും വില്പന ചെയ്യുന്ന വ്യക്തിയാണ് റാഷിദ് എന്ന് എക്സൈസ് പറയുന്നു. എംഡിഎംഎ അര ഗ്രാം വച്ച് ചെറിയ പൊതിയാക്കി ഒരു പൊതിയ്ക്ക് 2000 രൂപയ്ക്കാണ് ഇയാൾ വില്പന നടത്തുന്നത്. കഞ്ചാവ് 500 രൂപയ്ക്കും 1000 രൂപയ്ക്കുമാണ് ചെറിയ പൊതികളിലാക്കി വിൽക്കുന്നത്. ഫോൺ വഴി ഇടപാടുകള്‍ ഉറപ്പിച്ച ശേഷമാണ് വില്പന. ആവശ്യക്കാർക്ക് ഇതിനായി കോഡ് ഭാഷയും നൽകിയിട്ടുണ്ട്.
'പാക്ക് -എം' എന്ന് പറഞ്ഞാൽ എംഡിഎംഎയും 'ജോയിന്‍റ്' എന്ന് പറഞ്ഞാൽ കഞ്ചാവും ലഭിക്കും. ഈ കോഡുകളുപയോഗിച്ചാണ് പ്രതി കച്ചവടം നടത്തി വന്നിരുന്നതെന്ന് എക്സൈസ് സംഘം പറയുന്നു. പരിശോധനയിൽ റാഷിദിന്‍റെ വാടക വീടിന്റെ കിടപ്പ് മുറിയിൽ നിന്ന് 17 ഗ്രാം എംഡിഎംഎ, ഒരു എയർ ഗൺ, വടിവാൾ എന്നിവയും 6000 രൂപയും പിടിച്ചെടുത്തു. പിടിയിലായ റാഷിദിനെതിരെ വട്ടപ്പാറ പൊലീസ് സ്റ്റേഷനിൽ മാത്രം നാല് കേസുകൾ ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സ്വയരക്ഷയ്ക്ക് ആണ് വടിവാൾ സൂക്ഷിച്ചതെന്നാണ് റാഷിദ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.
Read More : ''ഒരു ഫോൺ കോള്‍, ഏത് ലഹരിയും മുന്നിലെത്തും'; കോഴിക്കോട് എംഡിഎംഎയുമായി പിടിയിലായത് വൻ മാഫിയയിലെ കണ്ണി