
മണ്ണന്തല: സ്ത്രീ പീഡനത്തിന് റിട്ട . ജില്ലാ ജഡ്ജി പിടിയില്‍. ബസിൽ വച്ച് സഹയാത്രകാരിയെ ഉപദ്രവിച്ചതിനാണ് റിട്ട . ജില്ലാ ജഡ്ജി രാമ ബാബു പിടിയിലായത്. കിളിമാനൂരില്‍ നിന്ന് ബസില്‍ കയറിയ റിട്ട. ജില്ലാ ജഡ്ജി രാമ ബാബുവിന്‍റെ അതിക്രമം താങ്ങാന്‍ കഴിയാതെ വന്നതോടെ സഹയാത്രക്കാരി ബസ് കേശവദാസ പുരത്ത് എത്തിയപ്പോള്‍ ബഹളം വയ്ക്കുകയായിരുന്നു. മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്ത റിട്ട. ജില്ലാ ജഡ്ജിയെ റിമാന്‍ഡ് ചെയ്തു.
സമാനമായ മറ്റൊരു സംഭവത്തില്‍ 15 വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓർത്തഡോക്സ് സഭ വൈദികനെതിരെ ഊന്നുകല്‍ പൊലീസ് പോക്സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. കേസെടുത്തതിന് പിന്നാലെ വൈദികനെ ചുമതലയിൽ നിന്നും സഭ നീക്കി. പരാതിയിൽ അന്വേഷണം തുടരുകയാണെന്നും പെൺകുട്ടിയെ തിരിച്ചറിയും എന്നതിനാൽ പ്രതിയുടെ പേര് ഇപ്പോൾ വെളിപ്പെടുത്താൻ ആകില്ലെന്നുമാണ് പൊലീസ് കേസിനേക്കുറിച്ച് വിശദമാക്കുന്നത്.
ഇടുക്കി പീരുമേട്ടിൽ കോടതി വളപ്പിൽ ഭാര്യയെ ഭർത്താവ് ഭാര്യയെ കഴുത്തറത്ത് കൊല്ലാൻ ശ്രമിച്ചു. ചക്കുപള്ളം സ്വദേശി ബിജുവാണ് ഭാര്യ അന്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് പീരുമേട് കോടതി വളപ്പിൽ വച്ച് ബിജു ഭാര്യ അമ്പിളിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ചത്. 2018 ൽ ഇവരുടെ വീട് അയൽവാസി ആക്രമിച്ചതുമായി ബന്ധപ്പെട്ട് കുമളി പോലീസ് കേസെടുത്തിരുന്നു. ഈ കേസിലെ സാക്ഷികളാണ് ഇരുവരും.
കേസ് സംബന്ധിച്ച് വിവരങ്ങൾ കോടതി വളപ്പിലുള്ള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ മുറിയിൽ വച്ച് സംസാരിച്ച ശേഷം പുറത്തിറങ്ങിയപ്പോഴാണ് ബിജു അമ്പിളിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. അമ്പിളിയുടെ കഴുത്തിലെ മുറിവിൽ 16 തുന്നലുകളുണ്ട്. ഭാര്യക്ക് അവിഹിത ബന്ധങ്ങളുണ്ടെന്ന് ബിജു സംശയച്ചിരുന്നതിനാൽ ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. തുടർന്ന് 2018 മുതൽ അമ്പിളി കോട്ടയത്ത് ഒരു വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു. ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam