മൂന്നുകോടി രൂപയുടെ മയക്കുമരുന്നുകളുമായി തൃശ്ശൂരിൽ  രണ്ട് യുവാക്കൾ പിടിയിൽ

By Web TeamFirst Published May 25, 2019, 12:32 AM IST
Highlights

മിഥിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശി ചിഞ്ചു മാത്യുവും പിടിയിലായി

തൃശ്ശൂർ: മൂന്നുകോടി രൂപയുടെ മയക്കുമരുന്നുകളുമായി തൃശ്ശൂരിൽ  രണ്ട് യുവാക്കൾ പിടിയിലായി. രണ്ടേ കാൽ കിലോ ഹാഷിഷ് ഓയിലും മറ്റ് മയക്കുമരുന്നുകളും ഇവരിൽ നിന്ന് കണ്ടെത്തി. തൃശ്ശൂർ കിഴക്കേക്കോട്ടയിൽ അലങ്കാര മത്സ്യക്കട നടത്തിയിരുന്ന മിഥിൻ, ടെലഗ്രാം എന്ന ആപ്പിലൂടെയാണ് മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്. ഓൺലൈനായി മരുന്ന് വരുത്തുകയും സോഷ്യൽ മീഡിയയിലൂടെ വിൽപന നടത്തുകയുമായിരുന്നു. 

ഓർഡർ കിട്ടിയാൽ നിമിഷങ്ങൾക്കകം മിഥിൻ മയക്കുമരുന്ന് എത്തിക്കും. ഒരു ഗ്രാം ഹാഷിഷ് ഓയിലിന് 1250 രൂപയാണ് ഇയാൾ ഈടാക്കിയിരുന്നത്. ആവശ്യക്കാരൻ എന്ന വ്യാജേന സമീപിച്ചാണ് എക്സൈസ് സംഘം ഇയാളെ പിടികൂടിയത്. മിഥിനിൽ നിന്നും മുക്കാൽ കിലോ ഹാഷിഷ് ഓയിലും 1.5 ഗ്രാം എംഡിഎംഎയും 2.60 ഗ്രാം അംഫെറ്റമിനും പിടികൂടി

മിഥിന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ സ്വദേശി ചിഞ്ചു മാത്യുവും പിടിയിലായി. എറണാകുളത്ത് താമസിച്ചിരുന്ന ഇയാൾ മുൻകൂട്ടി ഓർഡർ നൽകിയവർക്ക് ട്രെയിനിലെത്തി മയക്കുമരുന്ന് കൈമാറുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. തൃശ്ശൂർ റെയിൽവെ സ്റ്റേഷൻ പരിസരത്ത് നിന്ന് പിടികൂടിയപ്പോൾ ചിഞ്ചുവിന്റെ പക്കൽ ഒന്നരക്കിലോ ഹാഷിഷ് ഓയിൽ ഉണ്ടായിരുന്നു. ആന്ധ്രപ്രദേശിൽ നിന്നും കൊറിയറിലൂടെയാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചിരുന്നത്.

click me!