
സില്ലിഗുരി: ലഹരിമരുന്നിനടിമയായ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. പത്തു രൂപ ചോദിച്ചിട്ട് നൽകാത്തതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിന് കാരണമായത്. പശ്ചിമബംഗാളിലെ സില്ലിഗുരയിലാണ് സംഭവം നടന്നത്. 24 വയസ് മാത്രമാണ് പ്രതിയുടെ പ്രായം.
രാംപ്രസാദ് സാഹ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. വനത്തിനുള്ളിലാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. രാംപ്രസാദ് സാഹ ലഹരിക്ക് അടിമയാണെന്നും മയക്കുമരുന്നുമായി ബന്ധപ്പെട്ട ആവശ്യത്തിനായി പതിവായി വനത്തിലെത്താറുണ്ടെന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സുബ്രതാ ദാസ് (22) അജയ് റോയ് (24) എന്നിവർക്കൊപ്പമാണ് വ്യാഴാഴ്ച രാംപ്രസാദ് വനത്തിലെത്തിയത്. ഇവരും ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. തന്റെ കയ്യിലെ പണം തീർന്നപ്പോഴാണ് കൂടുതൽ ലഹരിമരുന്ന് വാങ്ങാനായി രാംപ്രസാദ് സുബ്രതയോട് 10 രൂപ ആവശ്യപ്പെട്ടത്. എന്നാൽ, പണം നൽകാൻ ഇയാൾ തയ്യാറായില്ല. തുടർന്നാണ് ഇരുവർക്കുമിടയിൽ വഴക്കുണ്ടായതും സുബ്രത കല്ലുപയോഗിച്ച് രാംപ്രസാദിനെ കൊലപ്പെടുത്തിയതും.
സില്ലിഗുരി മെട്രോ പൊലീസിലെ അഷിഘർ ഔട്ട്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ ബുധനാഴ്ച രാത്രി തന്നെ സുബ്രത ദാസിനെയും അജയിനെയും അറസ്റ്റ് ചെയ്തു. സംഭവത്തിൽ അജയ്ക്ക് പങ്കുണ്ടോയെന്ന് അന്വേഷിച്ച വരികയാണെന്നും പൊലീസ് പറഞ്ഞു.
Read Also; വൈരാഗ്യം, മീനങ്ങാടി സ്വദേശിയെ അടിച്ചുകൊല്ലാൻ ശ്രമിച്ചു, കൽപ്പറ്റയിൽ അച്ഛനും മകനും ഏഴ് വർഷം തടവ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam