
ദില്ലി: സഹപ്രവര്‍ത്തകയായിരുന്ന പൊലീസുകാരിയെ ഹെഡ് കോൺസ്റ്റബിള്‍ കൊലപ്പെടുത്തി രണ്ട് വർഷത്തോളം വിവരം മറച്ച് വെച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വിവാഹഭ്യർത്ഥന നിരസിച്ചതിലുള്ള പകയിലാണ് 27കാരിയായ മോന യാദവിനെ 42 കാരനായ ഹെഡ്കോൺസ്റ്റബിള്‍ സുരേന്ദ്ര റാണ കൊലപ്പെടുത്തിയതെന്ന് പൊലീസ്. കണ്‍ട്രോള്‍ റൂമിലെ പരിശീലന കാലയളവിലാണ് റാണ എന്ന ഹെഡ് കോണ്‍സ്റ്റബിളിനെ മോന പരിചയപ്പെടുന്നത്. വിവാഹിതനായിരുന്ന ഇയാളുടെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനാണ് 27കാരിയായ മോനയെ 2021 ല്‍ ഇയാള്‍ കൊലപ്പെടുത്തിയത്.
മോനയെ റാണ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വെട്ടി നുറുക്കി കനാലില്‍ എറിയുകയായിരുന്നു. കൊലപാതകം നടന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് മോന കൊല്ലപ്പെട്ടതായി സ്ഥിതീകരിക്കുന്നതും റാണയെ അറസ്റ്റ് ചെയ്യുന്നതും. ത്രില്ലർ സിനിമകളെ വെല്ലുംവിധമാണ് പൊലീസുകാരനും കൂട്ടാളികളും കൊലപാതകം ഇത്രയും കാലം മറച്ചു വെച്ചത്. എന്നാൽ മോനക്കായി സഹോദരി രണ്ട് വർഷമായി നടത്തിയ നിരന്തര അന്വേഷണത്തിനൊടുവിൽ കൊലപാതക വിവരം പുറത്താവുകയായിരുന്നു.
2014ലാണ് ദില്ലി പൊലീസില്‍ ചേർന്ന ഉത്തര്‍ പ്രദേശിലെ ബുലന്ദ്ഷെഹര്‍ സ്വദേശിനിയായ മോന യാദവിനെ 2021ലാണ് കാണാതാവുന്നത്. കണ്‍ട്രോള്‍ റൂമിലെ പരിശീനത്തിനിടെ പരിചയപ്പെട്ട റാണ എന്ന പൊലീസുകാരന് മോനയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. മകളെ പോലെയാണെന്നു പറഞ്ഞ് പരിചയത്തിലായ റാണ മോനയും കുടംബവുമായും അടുത്ത ബന്ധം പുലർത്തിയിരുന്നു. ഭാര്യയും കുടുംബവുമുള്ള റാണ മോനയോട് വിവാഹഭ്യർത്ഥന നടത്തിയതോടെയാണ് എല്ലാം മാറി മറിഞ്ഞത്. മോന ആവശ്യം നിരാകരിച്ചതോടെ റാണ പൊലീസുകാരിയെ കൊലപ്പെടുത്തുകയായിരുന്നു.
ഭാര്യയുടെ സഹോദരന്മാരുടെ സഹായത്തോടെ കേസ് മൂടിവെക്കാൻ തെളിവുകളെല്ലാം നശിപ്പിച്ച റാണ ക്രൈം സിനിമകളെ വെല്ലുന്ന നീക്കമാണ് പിന്നീട് നടത്തിയത്. 2021 ഒക്ടോബറിലാണ് മോനയെ കാണാതാവുന്നത്. മോനയെക്കുറിച്ച് കുടുംബം സുരേന്ദ്ര റാണയോട് ചോദിച്ചപ്പോഴെല്ലാം തനിക്ക് ഒന്നുമറിയില്ലെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്. ഒടുവിൽ മോനയുടെ സഹോദരി പൊലീസിൽ പരാതി നൽകി. ഇതോടെ മോന ജീവിച്ചിരിക്കുന്നതായും വിവാഹിതയായും വിവരം ലഭിച്ചതായി ഇയാള്‍ കുടുംബത്തെ അറിയിച്ചു. റാണയുടെ ഭര്‍തൃ സഹോദരനെയാണ് മോന വിവാഹം ചെയ്തതെതെന്നും വീട്ടുകാര്‍ എതിര്‍ത്തതോടെ ഇരുവരും രഹസ്യമായി കഴിയുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.
മോനയുടെ ശബ്ദത്തിലടക്കം സംസാരിച്ച് കുടുംബത്തെ പറ്റിച്ച പൊലീസുകാരൻ കോവിഡ് വാക്സീൻ രേഖകളും, മോനയുടെ എടിഎം കാര്‍ഡ് വിവിധ സംസ്ഥാനങ്ങളിൽ പോയി ഉപയോഗിച്ചും ഫോൺ കോളുകളുമടക്കം കൃത്രിമമായി സൃഷ്ടിച്ചും യുവതി ജീവിച്ചിരിപ്പുണ്ടെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ചു. ഒടുവിൽ മോനയുടെ സഹോദരിക്ക് തോന്നിയ സംശയങ്ങളാണ് പ്രതിയെ കുടുക്കിയത്. മോനയുടെ എടിഎം കാര്‍ഡ് ഉപോയിഗിച്ച 5 സംസ്ഥാനങ്ങളിലും സഹോദരി എത്തി. എടിഎം കാര്‍ഡ് ഉപയോഗിച്ച സമയത്തെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടതെല്ലാം ഹെൽമെറ്റ് ധരിച്ച പുരുഷന്മാരായിരുന്നു. ഒടുവിൽ തന്‍റെ സംശയങ്ങള്‍ സോഹദരി പൊലീസിനോട് പങ്കുവെച്ചു. പിന്നീട് ക്രൈംബ്രാഞ്ച് 2 മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ റാണയെയും ഇയാളെ കൊലപാതകം മറയ്ക്കാൻ സഹായിച്ച ബന്ധുക്കളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
Read More : എസ്‍യുവി കാറിൽ 2 പേർ, ഗേറ്റിലേക്ക് ഇറങ്ങിയോടി, ഒരാൾ പൊട്ടിത്തെറിച്ച് തീഗോളമായി; തുർക്കി ഭീകരാക്രമണ വീഡിയോ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam