അമ്പതോളം കുട്ടികളെ പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചു; എഞ്ചിനീയര്‍ പിടിയില്‍

By Web TeamFirst Published Nov 18, 2020, 11:00 AM IST
Highlights

ബാണ്ഡയില്‍ നിന്നാണ്​ സി.ബി.ഐ ഇയാളെ അറസ്റ്റ്​ ചെയ്തത്. ഇരകളായ കുട്ടികള്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ അടക്കം അവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു എന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

ലഖ്നൗ: 50ഓളം കുട്ടികളെ പത്ത് വര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച യു.പി എന്‍ജിനീയര്‍ അറസ്റ്റില്‍. ജലസേചന വകുപ്പിലെ ജൂനിയര്‍ എന്‍ജിനീയറെയാണ്​ സി.ബി.ഐ അറസ്റ്റ്​ ചെയ്തത്. റാം ഭവന്‍ എന്നാണ് ഇയാളുടെ പേര്. അഞ്ച്​ മുതല്‍ 16 വയസു വരെയുള്ള കുട്ടികളെയാണ്​ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചത്​. 

കുട്ടികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ ഓണ്‍ലൈനായി വില്‍ക്കുകയും ചെയ്​തു. ചിത്രകൂട്ട്​, ബാണ്ഡ, ഹാമിര്‍പുര്‍ തുടങ്ങിയ ജില്ലകളിലായാണ്​ സംഭവങ്ങള്‍ റിപ്പോര്‍ട്ട്​ ചെയ്തത്. ബാണ്ഡയില്‍ നിന്നാണ്​ സി.ബി.ഐ ഇയാളെ അറസ്റ്റ്​ ചെയ്തത്. ഇരകളായ കുട്ടികള്‍ കാര്യങ്ങള്‍ പുറത്ത് പറയാതിരിക്കാന്‍ ഇയാള്‍ വിലകൂടിയ മൊബൈല്‍ ഫോണുകള്‍ അടക്കം അവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു എന്നാണ് ഒരു സിബിഐ ഉദ്യോഗസ്ഥന്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്.

ജൂനിയര്‍ എന്‍ജിനീയറുടെ വീട്ടില്‍ നടത്തിയ റെയ്​ഡില്‍ മൊബൈല്‍ ഫോണുകളും എട്ട്​ ലക്ഷം രൂപയും ​കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളടങ്ങിയ ലാപ്​ടോപ്പും സി.ബി.ഐ പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ഡാര്‍ക്ക് വെബ് വഴി ആഗോളതലത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്നാണ് സിബിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇയാളുടെ കയ്യില്‍ നിന്നും നിരവധി നമ്പറുകളും വിലാസങ്ങളും ലഭിച്ചിട്ടുണ്ടെന്നും. ഇത് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വലിയ സംഘം ആയിരിക്കാമെന്നുമാണ് സിബിഐ വക്താവ് ആര്‍കെ കൗര്‍ മാധ്യമങ്ങളെ അറിയിച്ചത്. സിബിഐയുടെ ഓണ്‍ലൈന്‍ ചൈല്‍ഡ് അബ്യൂസ് ആന്‍റ് എക്സ്പ്ലോയിറ്റേഷന്‍ പ്രിവന്‍ഷന്‍ മാസങ്ങളായി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
 

click me!