വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം പുലർത്തി.

വാഷിങ്ടൺ: യുഎസിൽ ഇന്ത്യൻ യുവതിയുടെ കൊലപാതകത്തിൽ ഭർത്താവ് അറസ്റ്റിൽ. യുഎസിൽ എൻജിനീയറായ തെലങ്കാന സ്വദേശി അവിനാശ് നരണേയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ എട്ടുമാസത്തിന് ശേഷമാണ് അവിനാശിനെ പൊലീസ് അറസ്റ്റ്ചെയ്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2025 ഒക്ടോബറിലാണ് അവിനാശിന്റെ ഭാര്യ രാജിത സബിനേനി(27)യെ വാഷിങ്ടണിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിക്കുള്ളിലായിരുന്നു യുവതിയുടെ മൃതദേഹം. കുളിമുറിയിൽ കയറിയ ഭാര്യ വാതിൽ തുറക്കുന്നില്ലെന്ന് പറഞ്ഞ് അവിനാശ് തന്നെയാണ് പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി വാതിൽ തകർത്ത് അകത്ത് കയറിയെങ്കിലും യുവതി മരിച്ചിരുന്നു.

വിവാഹം കഴിഞ്ഞ് ആറുമാസം തികയാനിരിക്കെയായിരുന്നു രാജിത സബിനേനിയുടെ മരണം. സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. ശ്വാസംമുട്ടിയാണ് യുവതിയുടെ മരണം സംഭവിച്ചതെന്നും കൊലപാതകമാണെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്. ഇതോടെ ഭർത്താവായ അവിനാശിനെ കേന്ദ്രീകരിച്ചായി അന്വേഷണം. എന്നാൽ, പൊലീസിന്റെ ചോദ്യങ്ങളിൽനിന്ന് ഇയാൾ പലതവണ വിദ​ഗ്ധമായി ഒഴിഞ്ഞുമാറി.

സംഭവസമയം താൻ പുറത്തുപോയിരുന്നതായും ഏകദേശം 40 മിനിറ്റോളം കഴിഞ്ഞ് തിരികെ എത്തിയപ്പോഴാണ് ഭാര്യ കുളിമുറിക്കുള്ളിൽനിന്ന് ഇറങ്ങാത്തത് ശ്രദ്ധയിൽപ്പെട്ടതെന്നുമായിരുന്നു അവിനാശിന്റെ മൊഴി. എന്നാൽ, ഈ സമയം വീട്ടിനുള്ളിലേക്ക് പുറത്തുനിന്ന് മറ്റാരും പ്രവേശിച്ചിട്ടില്ലെന്ന് ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച് പൊലീസ് ഉറപ്പാക്കി. വീട്ടിലെ സ്മാർട്ട് ലോക്ക് സിസ്റ്റം പരിശോധിച്ചാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ അവിനാശിലേക്ക് വീണ്ടും അന്വേഷണമെത്തി. നരണേയുടെ മൊബൈൽ ഫോൺ വിവരങ്ങളടക്കം വിശദമായി പരിശോധിച്ചതോടെ ഇന്ത്യയിലുള്ള ഒരു യുവതിയുമായി ഇയാൾക്ക് രഹസ്യബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തി.

സബിനേനിയെ വിവാഹം കഴിക്കുന്നതിന് മുൻപേ തന്നെ ഈ യുവതിയുമായി അവിനാശിന് അടുപ്പമുണ്ടായിരുന്നു. വിവാഹം ഉറപ്പിച്ചിട്ടും ഇരുവരും ബന്ധം തുടർന്നു. കാമുകി അവിനാശിന്റെ വിവാഹചടങ്ങിലും പങ്കെടുത്തു. വിവാഹശേഷം യുഎസിലേക്ക് എത്തിയിട്ടും അവിനാശ് സ്ഥിരമായി ഫോണിലൂടെ യുവതിയുമായി ബന്ധം പുലർത്തി. ദിവസം ചുരുങ്ങിയത് നാലുതവണയെങ്കിലും കാമുകിയെ വിളിക്കുന്നതും പതിവായിരുന്നു. ഭാര്യയെ കൊലപ്പെടുത്തിയ ദിവസവും ഇയാൾ കാമുകിയെ വിളിച്ചതായി കണ്ടെത്തി. ഭാര്യയുടെ മൃതദേഹത്തിന്റെ ചിത്രവും കാമുകിയ്ക്ക് അയച്ചുനൽകി. എന്നാൽ, ഈ സന്ദേശങ്ങളെല്ലാം ഫോണിൽനിന്ന് ഇയാൾ നീക്കംചെയ്തിരുന്നു.

അതിനിടെ അവിനാശും ഭാര്യയും തമ്മിൽ നടത്തിയ ചില ചാറ്റുകളും അന്വേഷണത്തിൽ നിർണായകമായി. അവിനാശ് അടുത്തിടെയായി ഉണ്ടാക്കിനൽകുന്ന സ്മൂത്തിക്ക് ചുമമരുന്നിന്റെ ചുവയുണ്ടെന്ന് ഭാര്യ പരാതിപ്പെടുന്ന സന്ദേശങ്ങളും ഇതിലുണ്ടായിരുന്നു. ഈ സന്ദേശങ്ങളടക്കമുള്ള ഡിജിറ്റൽ തെളിവുകളെല്ലാം ശേഖരിച്ചശേഷം യുവാവിനെ നിരന്തരം ചോദ്യംചെയ്തു. തുടർന്നാണ് ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയത്.