
കൊച്ചി: എറണാകുളത്ത് സ്ഥിരം കുറ്റവാളികളായ രണ്ടുപേരെ കാപ്പ ചുമത്തി പൊലീസ് ജയിലിലടച്ചു. ചെറായി സ്വദേശികളായ ആഷിഖ്, സഞ്ജയ് എന്നിവർക്ക് എതിരെയാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
വധശ്രമം, പോക്സോ അടക്കമുള്ള കേസുകളിലെ പ്രതികളാണ് ഇരുവരും. ആഷിഖിനെതിരെ 17 ഉം സഞ്ജയിനെതിരെ ആറും കേസുകൾ നിലവിലുണ്ട്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി എറണാകുളം റൂറലിൽ കാപ്പ ചുമത്തി പൊലീസ് ഇതുവരെ 71 ജയിലിലടക്കുകയും 36 പേരെ നാടു കടത്തുകയും ചെയ്തിട്ടുണ്ട്.
അതേസമയം കൊച്ചിയില്‍ യുവാക്കളെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടി. കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടില്‍ സജിത്തിനേയും കൂട്ടുകാരേയും വധിക്കാൻ ശ്രമിച്ച കേസിലാണ് അയ്യമ്പിള്ളി അറുകാട് വീട്ടില ഉണ്ണി പാപ്പാൻ എന്ന അഖിൽ (28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പൊലീസ് ഇൻസ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇതില്‍ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഖിലിനെ 2020 ൽ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയതായിരുന്നു.
കുഴുപ്പിള്ളി ബീച്ച് റോഡിലാണ് കൊലപാതക ശ്രമം നടന്നത്. ഈ മാസം ഒന്‍പതാം തീയതി രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പട്ടിക വടി കൊണ്ടുള്ള ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. എസ്.ഐമാരായ രാജീവ് , സുനില്‍കുമാര്‍, എ.എസ്.ഐ സുനീഷ് ലാല്‍ , സി.പി.ഒമാരായ ദേവഷൈന്‍,പ്രശാന്ത്,ലിഗില്‍,ജോസ്,ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.
കഴിഞ്ഞ ദിവസം കൊടകരയിലും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജില്ലയിൽനിന്ന് നാടുകടത്തിയിരുന്നു. കുറ്റിച്ചിറ കൂര്‍ക്കമറ്റം പള്ളത്തേരി വീട്ടില്‍ മനുവിനെയാണ് (30) തൃശൂര്‍ റേഞ്ച് ഡി.ഐ.ജി പുട്ട വിമലാദിത്യയുടെ ഉത്തരവ് പ്രകാരം തൃശ്സൂര്‍ ജില്ലയില്‍ നിന്നും നാടുകടത്തിയത്. വെള്ളികുളങ്ങര സ്റ്റേഷനില്‍ നാല് ക്രിമിനല്‍ കേസുകളിലും ചാലക്കുടി സ്‌റ്റേഷനില്‍ ഒരു ക്രിമിനല്‍ കേസിലും പ്രതിയാണ് ഇയാള്‍.
Read More : വനിത പഞ്ചായത്ത് അംഗങ്ങളുള്ള വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ; മൂന്നാര്‍ പഞ്ചായത്തില്‍ വിവാദം