
റായ്പുർ: വസ്ത്രമഴിച്ചുള്ള പരിശോധനയ്ക്കു വിധേയയായ ആദിവാസി വിദ്യാർത്ഥിനി ജീവനൊടുക്കി. ഛത്തിസ്ഗഡിലെ ജഷ്പുർ ജില്ലയിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണു സംഭവം. പത്താം ക്ലാസ് പരീക്ഷ എഴുതുന്ന വിദ്യാർഥിനിയാണ് ജീവനൊടുക്കിയത്. പരീക്ഷയ്ക്കിടെ വിദ്യാർത്ഥിനി കോപ്പിയടിച്ചെന്ന സംശയത്തെ തുടർന്ന് നിരീക്ഷക സംഘം പത്താംക്ലാസുകാരിയുടെ വസ്ത്രമഴിച്ചു പരിശോധന നടത്തിയിരുന്നു.
എന്നാൽ കുട്ടിയിൽനിന്ന് സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതിനുശേഷം ഈ മാസം നാലിന് വിദ്യാർത്ഥിനി വീട്ടിലെ മുറിയിൽ ജീവനൊടുക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണം വേണമെന്നു പെണ്‍കുട്ടിയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിനുശേഷം കുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നെന്നും പരീക്ഷയിൽ മെച്ചപ്പെട്ട മാർക്ക് വാങ്ങാൻ കഴിയാതിരുന്നതിനെ തുടർന്നാണ് ഈ പ്രശ്നമെന്നാണു തങ്ങൾ കരുതിയതെന്നും മാതാപിതാക്കൾ പറയുന്നു.
എന്നാൽ വിദ്യാർത്ഥിനിയുടെ യൂണിഫോം അഴിച്ചു പരിശോധിച്ചെന്ന റിപ്പോർട്ടുകൾ ജില്ലാ ഭരണകൂടം നിഷേധിച്ചു. സ്കൂളിൽ പരിശോധന നടന്നെങ്കിലും വിദ്യാർഥിനിയുടെ വസ്ത്രമഴിച്ചു പരിശോധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ പത്രക്കുറിപ്പിൽ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam