ട്രെയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക്

By Web TeamFirst Published Feb 28, 2021, 12:10 AM IST
Highlights

തലശേരിയില്‍ എത്തി പൊലീസ് വിശദ വിവരങ്ങള്‍ ശേഖരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തമിഴ്നാട്ടിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സ്വദേശമായ തിരുവണ്ണാമലൈ അടക്കമുള്ള ഇടങ്ങളിലാണ് അന്വേഷണം. 

കോഴിക്കോട്; ട്രെയിനില്‍ നിന്ന് സ്ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. സ്ഫോടക വസ്തുക്കള്‍ കടത്തിയ തിരുവണ്ണാമലൈ സ്വദേശി രമണി ഇന്നലെ അറസ്റ്റിലായിരുന്നു. ചൈന്നൈ-മംഗലാപുരം സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനില്‍ കടത്തുകയായിരുന്ന 117 ജലാറ്റിന് സ്റ്റിക്കുകളും 350 ഡിറ്റനേറ്ററുകളുമാണ് പിടികൂടിയത്. കിണര്‍ പണിക്ക് ഉപയോഗിക്കാനായി തലശേരിയിലേക്ക് കൊണ്ടുപോവുകയാണെന്നാണ് അറസ്റ്റിലായ രമണിയുടെ മൊഴി. എന്നാല്‍ ഇത് എത്രത്തോളം ശരിയാണെന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. യുവതിക്ക് എവിടെ നിന്നാണ് ഇത്രയധികം സ്ഫോടക വസ്തുക്കള്‍ കിട്ടിയതെന്നും അന്വേഷിക്കുന്നുണ്ട്.

തലശേരിയില്‍ എത്തി പൊലീസ് വിശദ വിവരങ്ങള്‍ ശേഖരിക്കുകയും അന്വേഷണം നടത്തുകയും ചെയ്തു. തമിഴ്നാട്ടിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയുടെ സ്വദേശമായ തിരുവണ്ണാമലൈ അടക്കമുള്ള ഇടങ്ങളിലാണ് അന്വേഷണം. രമണിയുടെ തമിഴ്നാട്ടിലേയും കേരളത്തിലേയും ബന്ധങ്ങള്‍, സ്ഫോടക വസ്തുക്കള്‍ ലഭിച്ചത് എവിടെ നിന്ന്, ആര്‍ക്ക് കൈമാറാനാണ് കൊണ്ട് വന്നത് തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്നത്.

സ്ഫോടക വസ്തു കടത്തുമായി ബന്ധപ്പെട്ട് അസ്വാഭാവിക വിവരങ്ങളൊന്നും ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല എന്നാണ് അറിയുന്നത്. രണ്ട് ദിവസം കൂടി തമിഴ്നാട്ടില്‍ അന്വേഷണമുണ്ടാകും. ഇതിന് ശേഷമേ കൃത്യത വരുത്താനാകൂ എന്ന നിലപാടിലാണ് അന്വേഷണ സംഘം. കേരള സ്പെഷ്യല്‍ ബ്രാഞ്ച്, ഇന്‍റലിജന്‍സ് ബ്യൂറോ, എന്‍.ഐ.എ തുടങ്ങിയ ഏജന്‍സികളും സ്ഫോടക വസ്തു കടത്ത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തുന്നുണ്ട്.

ചൂട് കൂടാന്‍ തുടങ്ങിയതോടെ കേരളത്തില്‍ കിണര്‍ നിര്‍മ്മാണം ആരംഭിക്കുന്ന കാലമാണിത്. ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും തമിഴ്നാട്ടില്‍ എളുപ്പത്തില്‍ ലഭിക്കും എന്നതിനാലാവും അവിടെ നിന്ന് കടത്തിയത് എന്നാണ് ഇന്‍റലിജന്‍സ് സംഘത്തിന്‍റെ പ്രാഥമിക നിഗമനം. എങ്കിലും വിശദമായ പരിശോധന നടത്തി കടത്തിന് പിന്നില്‍ മറ്റ് ലക്ഷ്യങ്ങളിലെന്ന് ഉറപ്പാക്കാനാണ് തീരുമാനം.

click me!