ദില്ലിയിൽ വ്യാജ കോള്‍സെന്‍റര്‍ നടത്തിയ സംഘങ്ങൾ അറസ്റ്റില്‍

By Web TeamFirst Published Mar 21, 2021, 8:35 PM IST
Highlights

അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ളവരാണ് തട്ടിപ്പിൻ്റെ പ്രധാന ഇരകൾ. സംഘങ്ങളിലെ 35 പേരെയാണ് ദില്ലി പൊലീസിൻ്റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്.

ദില്ലി: ദില്ലിയിൽ വ്യാജ കോള്‍സെന്‍റര്‍ നടത്തിയ സംഘങ്ങൾ അറസ്റ്റിലായി. വ്യാജ സർവ്വീസുകളുടെ പേരിൽ വിദേശികളിൽ നിന്ന് പണം തട്ടുന്ന സംഘങ്ങളിലെ 35 പേരെയാണ് ദില്ലി പൊലീസിൻ്റെ സൈബർ സെൽ വിഭാഗം അറസ്റ്റ് ചെയ്തത്. കോൾ സെൻ്റർ ഉടമകൾക്കും തൊഴിലാളികൾക്കുമെതിരെ കേസെടുത്തതായി പൊലീസ് വ്യക്തമാക്കി.

ദില്ലി ഉത്തംനഗറിലെ കെട്ടിടത്തിൻ്റെ രണ്ട് നിലകളിലായാണ് വ്യാജ കോൾ സെൻ്ററുകൾ പ്രവർത്തിച്ചിരുന്നത്. അമേരിക്കയിലും മറ്റ് വിദേശരാജ്യങ്ങളിലുമുള്ളവരാണ് തട്ടിപ്പിൻ്റെ പ്രധാന ഇരകൾ. അമേരിക്കൻ ഡ്രഗ് എൻഫോഴ്സ്മെൻ്റി്ൽ നിന്നാണെന്ന് പറഞ്ഞ് ശബ്ദ സന്ദേശം അയച്ചും ഫോൺ ഹാക്ക് ചെയ്തു എന്ന തരത്തിലുള്ള പോപ് അപ് സന്ദേശം അയച്ചുമൊക്കെയാണ് ഇവർ വിദേശികളിൽ നിന്ന് പണം തട്ടിയെടുത്തിരുന്നത്. 2000 ഡോളർ വരെ ഇവർ പലരിൽ നിന്നും ഇത്തരത്തിൽ തട്ടിയെടുത്തിട്ടുണ്ട്. ക്ഷിതിജ് ബാലി, അബിഷേക്, ധനഞ്ജയ് നേഗി എന്നിവരാണ് കോൾസെൻ്ററിൻ്റെ ഉടമകൾ. 

ബിരുദ വിദ്യാർത്ഥികളായ ഇവർ നാല് വർഷത്തോളമായി വ്യാജ കോൾ സെൻ്റർ നടത്തുന്നതായി പൊലീസ് കണ്ടെത്തി. തട്ടിപ്പിന് ഇരയാകുന്നവരോട് അവരുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ പോവുകയാണെന്ന് ഭീഷണിപ്പെടുത്തി ബിറ്റ്കോയിൻ വാങ്ങിപ്പിച്ചതായും പൊലീസ് കണ്ടെത്തി. ഹാക്ക് ചെയ്ത ഫോണുകളിൽ ആൻ്റി വൈറസ് ഇൻസ്റ്റാൾ ചെയ്ത് നൽകും എന്ന വാഗ്ദാനം നടത്തിയും ഇവർ പലരെയും കബളിപ്പിച്ചിട്ടുണ്ട്. ഓരോ തരം തട്ടിപ്പിനും പ്രത്യേക സംഘത്തെ നിയോഗിച്ചായിരുന്നു ഇവരുടെ പ്രവർത്തനം. കോൾ സെൻ്ററിൽ ജോലി ചെയ്തിരുന്നവരടക്കം 34 പേർക്കെതിരെ കേസെടുത്തതായി സൈബർ സെൽ ഡിസിപി അന്യേഷ് റായ് പറഞ്ഞു.

click me!