
മൈസൂര്‍: കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തിയ 3 മലയാളികൾ ഉൾപ്പെടെ 7 അംഗ സംഘം മൈസൂരില്‍ പിടിയില്‍. കണ്ണൂർ സ്വദേശികളായ മുസ്തഫ, കുഞ്ഞിരാമന്‍ കാസർകോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി എന്നവരെയാണ് മൈസൂരു സിറ്റി പോലീസ് പിടികൂടിയത്. ഇന്‍കം ടാക്സ് ഉദ്യോഗസ്ഥർ പിടിച്ചെടുത്ത സ്വർണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞാണ് സംഘം ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയത്.
മുഖ്യപ്രതിയായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി മുസ്തഫ എന്നറിയപ്പെടുന്ന യൂസഫ്, കുഞ്ഞിരാമന്‍ , കാസർകോട് സ്വദേശി മുഹമ്മദ് ഷാഫി എന്നിവരാണ് പിടിയിലായ മലയാളികൾ. മറ്റ് നാലുപേർ കുടക് മൈസൂർ സ്വദേശികളാണ്. ആർബിഐ അല്ലെങ്കില്‍ ഇന്‍കംടാക്സ് ഉദ്യോഗസ്ഥനെന്ന വ്യാജേനയാണ് മുസ്തഫ ആളുകളെ സമീപിച്ചിരുന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത കണക്കില്‍ പെടാത്ത സ്വർണം കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.
ആദ്യം അല്‍പം സ്വർണം കാണിച്ച് വിശ്വസിപ്പിച്ച് ആളുകളില്‍നിന്നും പണം കൈക്കലാക്കുന്ന സംഘം സ്വർണം ലോക്കറിലാണെന്ന് പറഞ്ഞ് മുങ്ങുകയാണ് പതിവ്. മലയാളികളായ രണ്ടു പേരില്‍നിന്നായി ഇരുപത്തെട്ടര ലക്ഷത്തോളം രൂപ ഇത്തരത്തില്‍ സംഘം തട്ടിയെടുത്തിരുന്നു. ഇവർ നല്‍കിയ പരാതിയിലാണ് വിവിപുരം എന്‍ഐർ പുരം പോലീസ് സംയുക്തമായി തുടങ്ങിയ അന്വേഷണത്തില്‍ പ്രതികൾ പിടിയിലായത്.
പ്രതികളില്‍നിന്നും വ്യാജ ഇന്‍കംടാക്സ് ഐഡി കാർഡ്, 15 ലക്ഷം രൂപ, സ്വർണ ബിസ്കറ്റ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. മുസ്തഫയും മുഹമ്മദ് ഷാഫിയും കേരളത്തില്‍ പല കേസുകളിലും പ്രതികളാണെന്നും മൈസൂരു പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam