
പാലക്കാട്: ഡോക്ടറാണെന്ന് വിശ്വസിപ്പിച്ച് നിഖിത ബ്രഹ്മദത്തനെന്ന പേരിൽ പൂജാരിയിൽ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടിയ മുബീനയുടെ ചതിയിൽ കൂടുതൽ പേർ കുടുങ്ങിയതായി സൂചന. ഏറ്റവും പുതിയ വിവരമനുസരിച്ച് അടുത്തിടെ തെക്കൻ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ പതിവ് സന്ദർശകയാണ് മുബീന. നിഖിത ബ്രഹ്മദത്തൻ എന്നാണ് അവിടെയും പരിചയപ്പെടുത്തിയത്. പാലഭിഷേകം, നെയ്യഭിഷേകം, ഉത്സവ എഴുന്നള്ളത്തിനായി ആനയെ ഉൾപ്പെടെ മുബീന സ്പോൺസർ ചെയ്തിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ക്ഷേത്രം കേന്ദ്രീകരിച്ച് ആരെങ്കിലും ഇവരുടെ വലയിൽ കുടുങ്ങിയിട്ടുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. മുപ്പത്തഞ്ചുകാരി തട്ടിപ്പു കേസിൽ റിമാൻഡിലായ വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരാണ് അന്വേഷണ സംഘത്തെ ബന്ധപ്പെടുന്നത്. ആൾമാറാട്ട തട്ടിപ്പ് പരാതികളുടെ ആധികാരകത ഉറപ്പുവരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
35 വയസ് പ്രായം. ഒൻപതാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത. മണ്ണാർക്കാട് പയ്യനടത്തെ മുസ്ലിം കുടുംബത്തിൽ ജനനം. യഥാർത്ഥ പേര് മുബീന മുഹമ്മദ്. ജീവിത പങ്കാളി ഇതേ കേസിൽ പിടിയിലായ രണ്ടാം പ്രതി ശ്യാം സന്തോഷ്. സ്വയം പരിചയപ്പെടുത്തുന്നത് ഡോ.നിഖിത ബ്രഹ്മദത്തനെന്ന്. ഇതൊരു തുടക്കമായിരുന്നു...കേരളത്തിലങ്ങിങ്ങോളം അരങ്ങേറിയ, വൻ ആൾമാറാട്ട തട്ടിപ്പിന്റെ തുടക്കം.
പാലക്കാട് കാവിൽപ്പാട് നാഗയക്ഷിക്കാവിൽ പൂജകൾക്കും ദർശനത്തിനുമായി സ്ഥിരമായെത്തുന്ന ഭക്ത. വഴിപാടായും സംഭാവനയായും നൽകുന്നത് ലക്ഷങ്ങൾ. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏക മകൾ ഡോ. നിഖിത ബ്രഹ്മദത്തനെന്ന് പറഞ്ഞാണ് പരാതിക്കാരനായ ക്ഷേത്ര പൂജാരിയെ പരിചയപ്പെട്ടത്. കോടികളുടെ ഏക അവകാശിയാണെന്നും തറവാട്ടിൽ ആണവകാശികൾ ഇല്ലാത്തതിനാൽ താങ്കളെ ദത്തെടുക്കാൻ തയ്യാറാണെന്നും പറഞ്ഞു. ഇക്കാര്യം മുദ്രപത്രത്തിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെ പൂജാരിയും ഡോക്ടറും തമ്മിലെ ഒരു വർഷം നീണ്ട സൌഹൃദത്തിന് തുടക്കമിട്ടു. സംസാരിക്കാനും ഒപ്പമിരിക്കാനും പാലക്കാട് ജില്ലാ ആശുപത്രിയിലേക്കും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും വിളിച്ചുവരുത്തും. സ്റ്റെതസ്കോപ്പ് കഴുത്തിലണിഞ്ഞ് ഡോക്ടറായി അഭിനയം. പല തവണ ഡോക്ടറുടെ വേഷമണിഞ്ഞ് ആശുപത്രിക്ക് അകത്തു നിന്നും പുറത്തുനിന്നും കണ്ടതോടെ പരാതിക്കാരൻ എല്ലാം വിശ്വസിച്ചു.
ഇതിനിടയിൽ താൻ നിർമിക്കാൻ പോകുന്ന ഐവിഎഫ് ആശുപത്രിയുടെ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 70 ലക്ഷത്തോളം രൂപ പൂജാരിയിൽ നിന്നും പലതവണകളായി കൈപ്പറ്റി. 2023 ലാണ് തട്ടിപ്പിനിരയായ പാലക്കാട് കാവിൽപ്പാട് നാഗയക്ഷിക്കാവിലെ പൂജാരി സൌത്ത് പൊലീസിൽ പരാതി നൽകിയത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവതിയുടെ പങ്കാളിയെ ആദ്യം അറസ്റ്റ് ചെയ്തു. രണ്ടു വർഷം നീണ്ട തിരച്ചിലിനൊടുവിലാണ് തിങ്കളാഴ്ച രാവിലെ എറണാകുളത്തെ സ്വകാര്യ ഷോപ്പിങ് മാളിൽ നിന്നും മുബീന പിടിയിലാകുന്നത്. വിവിധ ജില്ലകളിൽ പല പേരുകളിൽ പല സ്ഥലത്തും ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പാലക്കാടിനു പുറമെ ആലപ്പുഴ, കോഴിക്കോട്, എറണാകുളം, ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലും യുവതിയുടെ പേരിൽ നിരവധി തട്ടിപ്പു കേസുകളുണ്ട്.
പരിചയപ്പെടുന്നവരോട് പണം ചോദിച്ചു വാങ്ങും, ആദ്യം തിരിച്ചു നൽകും, വിശ്വാസം ആർജിച്ച ശേഷം കൂടുതൽ തുക വാങ്ങിയെടുത്ത് മുങ്ങുന്നതാണ് പ്രതിയുടെ രീതിയെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പിൽ കുടുങ്ങിയ പലരും മാനഹാനി ഭയന്ന് പരാതിയുമായി മുന്നോട്ട് വരാത്തതാണ് മൂബീനയുടെ ആത്മ വിശ്വാസം കൂട്ടിയത്. പ്രതിയെ പിടികൂടിയതോടെ ആൾമാറാട്ട തട്ടിപ്പ് പരമ്പരയുടെ ചുരുളഴിക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.