സ്വന്തമായി സ്റ്റേഷനുണ്ട്! പൊലീസാകും, പരാതി സ്വീകരിക്കും; കാലങ്ങളായി നാട്ടുകാരെ പറ്റിച്ച് വ്യാജസംഘം

By Web TeamFirst Published Nov 21, 2019, 2:27 PM IST
Highlights

പൊലീസ് ചമഞ്ഞ് പരാതികള്‍ സ്വീകരിച്ചും കൈക്കൂലി വാങ്ങിയും കാലങ്ങളായി നാട്ടുകാരെ കബളിപ്പിച്ച് വ്യാജ സംഘം.

ഭോപ്പാല്‍: സ്വന്തമായി പൊലീസ് സ്റ്റേഷനുണ്ട്, ഉദ്യോഗസ്ഥരുമുണ്ട് എന്നാല്‍ ഇവരുടെ ജോലി നിമയപാലനമല്ല, നാട്ടുകാരെ കൊള്ളയടിക്കലും കൈക്കൂലി വാങ്ങലും! ഗ്വാളിയോര്‍ - പമ്പല്‍ മേഖലയിലെ  ജനങ്ങളെ കാലങ്ങളായി കബളിപ്പിക്കുകയാണ് കാക്കി യൂണിഫോം ധരിച്ച ഈ വ്യാജ പൊലീസ് സംഘം. പിരിവ് വാങ്ങിയും പരാതി പരിഹരിക്കാമെന്ന് പറഞ്ഞ് കൈക്കൂലി വാങ്ങിയുമാണ് ഇവര്‍ നാട്ടുകാരെയും ട്രക്കുകളെയും കൊള്ളയടിക്കുന്നത്. 

പച്ചക്കറി വില്‍പ്പന നടത്തുന്നവര്‍, പെയിന്‍റര്‍മാര്‍, കൂലിപ്പണിക്കാര്‍ എന്നിങ്ങനെ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഇവര്‍ ഒഴിവു സമയം കിട്ടുമ്പോള്‍ പൊലീസ് വേഷം കെട്ടി കൊള്ള നടത്തി വരികയായിരുന്നു. വ്യാജ പൊലീസ് സ്റ്റേഷനില്‍ നിന്നുള്ള ഒരു വ്യാജ ഇന്‍സ്പെക്ടറാണ് ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നത്. 

2017 -ല്‍ ഇവരുടെ പ്രവൃത്തികളില്‍ സംശയം തോന്നിയ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് വ്യാജന്മാരെ കണ്ടെത്താന്‍ സഹായിച്ചത്. ഡിസംബറില്‍ ഗ്വാളിയോര്‍ മേള ഗ്രൗണ്ടില്‍ വെച്ച് തന്നെ സല്യൂട്ട് ചെയ്ത നാല് പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഈ ഉന്നത ഉദ്യോഗസ്ഥന്‍ ചോദ്യം ചെയ്തപ്പോഴാണ് വ്യാജന്‍മാര്‍ പിടിയിലാകുന്നത്. തങ്ങള്‍ മറ്റു പല ജോലികള്‍ ചെയ്യുന്നവരാണെന്നും പണത്തിന് വേണ്ടിയാണ് പൊലീസ് വേഷം കെട്ടിയതെന്നുമാണ് ഇവര്‍ മറുപടി നല്‍കിയത്. ഇതു സംബന്ധിച്ച് സ്ഥലത്തെ ഡിഎസ്പി 2018 ല്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കുകയാണ് ചെയ്തത്.

എന്നാല്‍ പിന്നീട് വിവരാവകാശ പ്രവര്‍ത്തകനായ ആഷിഷ് ചൗധരിയുടെ ഇടപെടലിലൂടെ റിപ്പോര്‍ട്ട് പുറത്തു കൊണ്ടു വരികയായിരുന്നു. ഒരു വ്യാജ ഇന്‍സ്പെക്ടറുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ വ്യാജ പൊലീസ് സ്റ്റേഷനുണ്ടെന്നും ഡിഎസ്പിയുടെ റിപ്പോര്‍ട്ടിലുണ്ട്. വ്യാജ സ്റ്റേഷന്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. തുടര്‍ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പക്ഷേ പിന്നീട് അന്വേഷണമൊന്നും നടന്നിട്ടില്ലെന്നും കോടതിയെ സമീപിക്കുമെന്നും ചൗധരി അറിയിച്ചു. 

click me!