
കൊച്ചി: തൃക്കാക്കരയിൽ സ്കൂൾ വിദ്യാർത്ഥികളോട് സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറുന്നതായി പരാതി. കഴിഞ്ഞ ദിവസം സ്വകാര്യബസിൽ നിന്ന് പ്ലസ്‌ടു വിദ്യാർഥിനിയെ കണ്ടക്‌ടർ തള്ളിയിട്ട സംഭവത്തിൽ രണ്ട് ബസ് ജീവനക്കാർ അറസ്റ്റിലായി.
എൽപി മുതൽ പ്ലസ്ടുവരെയുള്ള തൃക്കാക്കരയിലെ കാർഡിനൽ സ്കൂൾ വിട്ടാൽ ബസ് സ്‌റ്റോപ്പിൽ വലിയ തിരക്കാവും. സ്വകാര്യബസുകൾ മാത്രം സർവ്വീസ് നടത്തുന്ന റൂട്ടിൽ സ്‌റ്റോപ്പിൽ നിന്ന് വിദ്യാർഥികളെ കയറ്റാതെ പോകുന്നത് പതിവാണ്. രണ്ടായിരത്തിനടുത്ത് വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയായ ഫാത്തിമയ്ക്കാണ് ബസ് കണ്ടക്ടറിൽ നിന്ന് ദുരനുഭവം നേരിടേണ്ടി വന്നത്. ജഡ്‌ജിമുക്ക് സ്‌റ്റോപ്പിൽ നിന്ന് എസ്‌എംഎസ് എന്ന ബസിൽ കയറാൻ ശ്രമിക്കവെ കണ്ടക്‌ടർ തളളിയിട്ടെന്നാണ് പരാതി.
ഇടുപ്പെല്ലിന് ഗുരുതര പരിക്കേറ്റ വിദ്യാർത്ഥിനി ചികിത്സയിലാണ്. ബസ് ഡ്രൈവർ അൽത്താഫ്, കണ്ടക്ടര്‍ സക്കീർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ബസ് പൊലീസ് കസ്റ്റഡിയിലാണ്. ബസ് ജീവനക്കാരിൽ നിന്ന് ഇത്തരം അനുഭവങ്ങളുണ്ടാവുന്നത് പതിവാണെന്ന് വിദ്യാർത്ഥികൾ പറയുന്നു.
കഴിഞ്ഞ വർഷവും ഒരു വിദ്യാർഥിയെ സ്വകാര്യബസിൽ നിന്ന് കണ്ടക്റ്റർ തള്ളിയിട്ടിരുന്നു. അന്ന് കലക്‌ടർക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. സംഭവത്തിൽ നടപടി സ്വീകരിക്കുമെന്ന് ബസ് ഓർണേർസ് അസോസിയേഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam