
ഭോപ്പാൽ: കല്യാണം ഉറപ്പിച്ചതിന് ശേഷം ജോലിക്ക് പോകാതെ മറ്റൊരു സ്ത്രീയുമായി നിരന്തരം ചാറ്റ് ചെയ്തുകൊണ്ടിരുന്ന മകനെ മാതാപിപിതാക്കളും സഹോദരിയും ചേർന്ന് തല്ലിക്കൊന്നു (Murdered). മധ്യപ്രദേശിലെ (Madhya Pradesh) ബുർഹാൻപൂർ ജില്ലയിലാണ് കൊലപാതകം നടന്നിരിക്കുന്നത്. രാമകൃഷ്ണ സിംഗ് (Ramakrishna Singh) എന്ന 25കാരനെയാണ് വീട്ടുകാർ തല്ലിക്കൊന്ന് വലിച്ചെറിഞ്ഞത്.
കയ്യും കാലും കൂട്ടിക്കെട്ടിയ നിലയിൽ സമീപത്തെ പുഴയിൽ നിന്ന് രാമകൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കൾ പിടിയിലായത്. ജനുവരി അഞ്ചിനാണ് മൃതദേഹം കിട്ടിയത്. മൂന്ന് ദിവസം മുമ്പ് മുതൽ ഇയാളെ കാണാനില്ലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. തുടർന്ന് യുവാവിന്റെ മൊബൈൽ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൊലപാതകത്തിൽ ബന്ധുക്കൾക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്.
പിതാവ് ഭീമൻ സിംഗ് അമ്മ ജമുനാ ഭായ് സഹോദരി കൃഷ്ണാ ഭായ് എന്നിവർ കുറ്റം സമ്മതിച്ചു. വിവാഹം നിശ്ചയിച്ചിട്ടും മറ്റൊരു സ്ത്രീയുമായി ഇയാൾ മൊബൈലിൽ നിരന്തരം ചാറ്റ് ചെയ്യുന്നത് കണ്ടാണ് കൊലപാതകം നടത്തിയതെന്നാണ് ഇവരുടെ മൊഴി. തൊഴിൽരഹിതനായ മകൻ മുഴുവൻ സമയവും മൊബൈലിൽ നോക്കിയിരിക്കുന്നതിലുള്ല ദേഷ്യവും കൊലപാതകത്തിലെത്തിച്ചു.
ജനുവരി രണ്ടിന് മകനുമായി പിതാവ് ഭീമൻ സിംഗ് വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ മകനെ തല്ലുകയും ഉന്തുകയും തല ചുമരിൽ പിടിച്ച് ഇടിക്കുകയും ചെയ്തു. പിന്നീട് മകൻ മരിച്ചുവെന്ന് തിരിച്ചറിഞ്ഞ് ഭാര്യയുടെയും മകളുടെയും സഹായത്തോടെ കൈ കാലുകൾ കെട്ടി മൃതദേഹം ഭീമൻ സിംഗ് പുഴയിലേക്ക് വലിച്ചെറിയുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam