ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് ജാതക ദോഷം; യുവതി ഷാരോണിന് ആസിഡ് കുടിക്കാന്‍ നല്‍കിയെന്ന് ആരോപിച്ച് കുടുംബം

By Web TeamFirst Published Oct 28, 2022, 1:16 PM IST
Highlights

തന്‍റെ ജാതക പ്രകാരം നവംബറിന് മുമ്പ് തന്‍റെ വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞിരുന്നെന്നും ഇതിനാലാണ് സെപ്തംബറിലേക്ക് വിവാഹം മാറ്റിവച്ചതെന്നും ഷാരോണിന്‍റെ കുടുംബം പറയുന്നു. 


തിരുവനന്തപുരം: വിഷാംശം കലര്‍ന്ന ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് മരിച്ച ഷാരോണിനെ, കൊല്ലാനായി യുവതി ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ആരോപിച്ച്  ഷാരോണിന്‍റെ കുടുംബം രംഗത്ത്. പാറശ്ശാല മുര്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ഷാരോൺ രാജ് (ജിയോ- 23) മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 

ഈ മാസം 14ന് തമിഴ്നാട് രാമവര്‍മ്മൻചിറയിലുള്ള കാമുകി വിളിച്ചതിനെ തുടര്‍ന്നാണ് ഷാരോണ്‍ അവരുടെ വീട്ടിലേക്ക് പോയതെന്ന് ഷാരോണിന്‍റെ ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. അവിടെ നിന്നും യുവതി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ ഛര്‍ദ്ദിച്ച് അവശനായ ഷാരോണ്‍ രാജ് 11 ദിവസങ്ങള്‍ക്ക് ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ആന്തരാവയവങ്ങള്‍ക്ക് ക്ഷതം ഏല്‍പ്പിക്കുന്ന ആസിഡ് പോലുള്ള ദ്രാവകം കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറഞ്ഞു. ഇതിന് പിന്നാലെയാണ് യുവതിയുടെ ജാതകദോഷം മാറ്റാനായി, ആസൂത്രിതമായി ചെയ്ത കൊലപാതകമാണിതെന്ന് ആരോപിച്ച് ഷാരോണ്‍ രാജിന്‍റെ കുടുംബം രംഗത്തെത്തിയത്. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽ വെച്ച് താലികെട്ടിയതായി കുടംബം പറയുന്നു. തുടർന്ന് സ്വന്തം വീടുകളിലാണ് ഇവർ കഴിഞ്ഞിരുന്നത്.  

 

പിന്നീട് കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്തംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. എന്നാല്‍, തന്‍റെ ജാതക പ്രകാരം നവംബറിന് മുമ്പ് തന്‍റെ വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്ന് യുവതി, ഷാരോണിനോട് പറഞ്ഞിരുന്നെന്നും ഇതിനാലാണ് സെപ്തംബറിലേക്ക് വിവാഹം മാറ്റിവച്ചതെന്നും ഷാരോണിന്‍റെ കുടുംബം പറയുന്നു. ഇതിനിടെ ഇരുവരും തമ്മില്‍ അകന്നെങ്കിലും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ഷാരോണിന്‍റെ കൈവശമുണ്ടായിരുന്നു. ഇവ ആവശ്യപ്പെട്ട് യുവതി ഷാരോണിനെ വിളിച്ചിരുന്നു. അതിനിടെയാണ് റെക്കോഡ് ബുക്ക് നല്‍കാമെന്നും പറഞ്ഞ് യുവതി ഷാരോണിനെ വീണ്ടും വീട്ടിലേക്ക് ക്ഷണിച്ചത്.  സൈനികനുമായുള്ള വിവാഹം നടക്കാനോ, അല്ലെങ്കില്‍ ജാതക ദോഷം തീര്‍ക്കാനോ വീണ്ടിയാകാം യുവതി ഷാരോണിന് ആസിഡ് കലര്‍ന്ന കഷായമോ, ജ്യൂസോ നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നു. 

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പാറശാല പൊലീസ് പറയുന്നത്. എന്നാല്‍, കേസ് അട്ടിമറിക്കാനായി പൊലീസ് അന്വേഷണം വഴിതിരിച്ച് വിടുകയാണെന്നും കുടുംബം ആരോപിക്കുന്നു. പൊലീസ് ആരെയോ ഭയക്കുന്നുണ്ട്. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാര്‍ ഷാരോണിന് വിഷാംശമുള്ള ഭക്ഷണം നല്‍കിയാകാമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പൊലീസാണ് ആദ്യം അന്വേഷണം നടത്തിയത്. ഇതിനെ തുടര്‍ന്നാണ് മജിസ്ട്രേറ്റെത്തി ഷാരോണിന്‍റെ മരണമൊഴി രേഖപ്പെടുത്തിയത്. മജിസ്ട്രേറ്റിനോടും സംഭവിച്ചതെന്താണെന്ന് ഷാരോണ്‍ കൃത്യമായി പറഞ്ഞിരുന്നു. എന്നാല്‍ പാറശ്ശാല പൊലീസ്, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. 

 

കൂടുതല്‍ വായനയ്ക്ക്:  പെണ്‍ സുഹൃത്ത് നല്‍കിയ ജൂസ് കുടിച്ച യുവാവ് മരിച്ചു; ആന്തരാവയവങ്ങള്‍ ദ്രവിച്ച് 11 ദിവസങ്ങള്‍ക്ക് ശേഷം മരണം 
 

 

click me!