കണ്ണൂരിൽ ആദിവാസി ബാലികയെ അയൽക്കാരൻ പീഡിപ്പിച്ച കേസ്; ഒതുക്കിത്തീര്‍ക്കുമോ എന്ന് ഭയമുണ്ടെന്ന് അച്ഛന്‍

By Web TeamFirst Published May 25, 2021, 8:31 AM IST
Highlights

പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവ‍ർത്തകനാണ് പ്രതി നിധിൻ. രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയിൽ ആദിവാസി പെൺകുട്ടിയെ അയൽക്കാരൻ പീഡിപ്പിച്ച കേസ് ഒതുക്കിത്തീര്‍ക്കുമോ എന്ന് ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ. പ്രദേശത്തെ ഡിവൈഎഫ്ഐ പ്രവ‍ർത്തകനാണ് പ്രതി നിധിൻ. രാഷ്ട്രീയ സ്വാധീനമുള്ളത് കൊണ്ട് പ്രതി പിടിയിലാകില്ല എന്ന ഭയമുണ്ടെന്ന് കുട്ടിയുടെ അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വീടുമായി നല്ല അടുപ്പമുള്ളയാളാണ് കുട്ടിയെ സ്കൂളിൽ കൊണ്ടുപോയി ഉപദ്രവിച്ചത്. പ്രതി ഒളിവിലെന്നും അന്വേഷണം തുടരുന്നതായും പൊലീസ് അറിയിച്ചു.

അയൽവാസിയായ വി കെ നിധിനാണ് ആളൊഴിഞ്ഞ സ്കൂൾ കെട്ടിടത്തിൽ കൊണ്ടുപോയാണ് പതിനാലുകാരിയെ പീഡിപ്പിച്ചത്. ഈ മാസം ഇരുപതിനാണ് പെൺകുട്ടിയുടെ അച്ഛൻ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്. വീടിന് പിന്നിലെ തോട്ടിൽ നിന്നും തുണി കഴുകി മടങ്ങുകയായിരുന്ന പെൺകുട്ടിയെ അയൽക്കാരനായ നിധിന്‍ തൊട്ടടുത്ത സ്കൂൾ കെട്ടിടത്തിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി. കൂട്ടിയെ പീഡിപ്പിച്ച് മടങ്ങിപ്പോകുന്ന ഇയാളെ പ്രദേശവാസിയാണ് കണ്ടത്. വിവരം പെൺകുട്ടിയുടെ അച്ഛനെ ഇയാൾ അറിയിച്ചു. കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് ബലമായി പിടിച്ചുകൊണ്ടുപോയതാണെന്ന് വ്യക്തമായത്. 

അച്ഛന്‍റെ പരാതിയിൽ പോക്സോ, എസ് സി എസ് ടി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങൾ തടയുന്ന നിയമം എന്നിവ ചേർത്ത് പൊലീസ് കേസെടുത്തു. മെഡിക്കൽ പരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. കുന്നുംപുറത്ത് ഹൗസിൽ വി കെ നിധിന്‍ പ്രദേശത്തെ സജീവ ഡിവൈഎഫ്ഐ പ്രവർത്തകനാണ്. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാൾ കൊല്ലം ജില്ലയിലുണ്ടെന്ന വിവരം പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കൊല്ലത്തുള്ള സുഹൃത്തിന്‍റെ അടുത്തേക്കാണോ പോയതെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!