
ഹൈദരാബാദ്: ഗ്രാമത്തിലെ യുവാക്കളുമായി സംസാരിച്ചതിന്റെ പേരിൽ പിതാവ് മകളെ വെട്ടിക്കൊന്നു. ചൊവ്വാഴ്ച രാവിലെ ആന്ധ്രാപ്രദേശിലെ വനപർത്തി ജില്ലയിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പെബ്ബൈർ മണ്ഡലത്തിലെ ഗ്രാമത്തിൽ നിന്നുള്ള കർഷകന്റെ മൂന്ന് മക്കളിൽ രണ്ടാമത്തെയാളാണ് കൊല്ലപ്പെട്ടത്. പെബ്ബാറിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു പെൺകുട്ടി. ദീപാവലിയോടനുബന്ധിച്ച് കുട്ടികൾ അമ്മയോടൊപ്പം വീട്ടിലേക്ക് പോയിരുന്നു. കുട്ടികൾ പിന്നീട് തിരിച്ചെത്തിയതായും പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെ, മൂത്ത പെൺകുട്ടി അവളുടെ കോളേജിലേക്കും ഇളയവൾ അവളുടെ ബോർഡിംഗ് സ്കൂളിലേക്കും പോയി. 15 വയസ്സുകാരിയുടെ സ്കൂൾ തുറന്നിരുന്നില്ല. വീട്ടിൽ മകൾ തനിച്ചായിരുന്നു. ഈ സമയം, ഗ്രാമത്തിലെ യുവാക്കളോട് സംസാരിക്കരുതെന്ന് പെൺകുട്ടിയോട് പിതാവ് പറഞ്ഞിരുന്നു. ഇത് അനുസരിക്കാതെ കുട്ടി മറ്റുള്ളവരോട് സംസാരിച്ചതിൽ ക്ഷുഭിതനായ പിതാവ് രാവിലെ 10 മണിയോടെ, കോടാലി ഉപയോഗിച്ച് മകളെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചതായി വനപർത്തി എസ്പി കെ അപൂർവ റാവു വ്യക്തമാക്കി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പിതാവിനെ അറസ്റ്റ് ചെയ്തു. ദുരഭിമാനക്കൊല അല്ലെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. പറഞ്ഞത് അനുസരിക്കാത്തതിലുള്ള ദേഷ്യത്തിൽ പിതാവ് മകളെ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. പിതാവിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്.
Read More : ഭാര്യയെ തുറിച്ച് നോക്കിയെന്ന് ആരോപിച്ച് ദളിത് യുവാവിനെയും മാതാപിതാക്കളെയും വെടിവെച്ച് കൊന്നു