
ഭോപ്പാൽ : ഭാര്യയെ ഉപദ്രവിച്ചെന്ന് ആരോപിച്ച് അയൽവാസിയായ ദളിത് യുവാവിനെയും മാതാപിതാക്കളെയും ഭർത്താവ് വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച രാവിലെ മധ്യപ്രദേശിലെ ദാമോ ജില്ലയിലെ ദേവ്‌റാൻ ഗ്രാമത്തിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. മനക് അഹിർവാർ തന്നെ പിന്തുടരുകയും പലപ്പോഴും തുറിച്ചുനോക്കുകയും ചെയ്തതായി മുഖ്യപ്രതി ജഗദീഷ് പട്ടേലിന്റെ ഭാര്യ ആരോപിച്ചതിനെത്തുടർന്ന് തിങ്കളാഴ്ച വൈകുന്നേരം ഇരു കുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് പറഞ്ഞു.
ചില ഗ്രാമീണർ ഇടപെട്ടതിനെ തുടർന്ന് തർക്കം പരിഹരിച്ചു. അടുത്ത ദിവസം രാവിലെ, കുപിതനായ ജഗദീഷ് പട്ടേലും കുടുംബത്തിലെ മറ്റ് അഞ്ച് പേരും വീണ്ടും മനക് അഹിർവാറിന്റെ വീട്ടിലേക്ക് ചെന്നു. ആയുധങ്ങളുമായാണ് ഇവർ എത്തിയത്. ഇരു കുടുംബങ്ങളും തമ്മിൽ വീണ്ടും തർക്കമുണ്ടാകുകയും ഒടുവിൽ കൈയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് മനകിനും കുടുംബത്തിനും നേരെ വെടിയുതിർക്കുകയുമായിരുന്നു. വെടിയേറ്റ മനകും മതാപിതാക്കളും സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു. വെടിയേറ്റ സഹോദരൻ മഹേഷ് അഹിർവാർ ആശുപത്രിയിൽ ചികിത്സയിലാണ്.
മുഖ്യപ്രതി ജഗ്ദീഷ് പട്ടേലിനെ പൊലീസ് പിടികൂടി. മറ്റ് അഞ്ച് പ്രതികൾ ഒളിവിലാണ്. ഇവർക്കായി അന്വേഷണം തുടരുകയാണെന്ന് ദാമോ പോലീസ് സൂപ്രണ്ട് ഡിആർ ടെനിവാർ പറഞ്ഞു. മഹേഷ് അഹിർവാർ നൽകിയ പരാതിയിൽ കൊലപാതകം, കൊലപാതകശ്രമം, പട്ടികജാതി-പട്ടികവർഗക്കാർക്കെതിരായ കുറ്റകൃത്യങ്ങൾ സംബന്ധിച്ച കർശന നിയമപ്രകാരവും കേസെടുത്തതായി അദ്ദേഹം പറഞ്ഞു. അതേസമയം മനകിന്റെയും മതാപിതാക്കളുടെയും കൊലപാതകം സ്ഥലത്ത് പ്രതിഷേധത്തിന് കാരണമായി.