പെരുമ്പാവൂരില്‍ മകനെ ശ്വാസം മുട്ടിച്ച് കൊന്ന് കിണറ്റില്‍ തള്ളി; അച്ഛന് ജീവപര്യന്തം തടവ്

By Web TeamFirst Published Nov 14, 2019, 11:14 PM IST
Highlights

നനഞ്ഞ തുണിയുപയോഗിച്ച് അമര്‍ത്തിയും കഴുത്തില്‍ കൈകൊണ്ട് മുറുക്കിപ്പിടിച്ചും കൊലപ്പെടുത്തി. മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ എറിഞ്ഞു. 

പെരുമ്പാവൂര്‍: ആറ് വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി, കിണറ്റില്‍ തള്ളിയ അച്ഛന് ജീവപര്യന്തം തടവ്. പെരുമ്പാവൂര്‍ കുറുപ്പുംപടി സ്വദേശി ബാബുവിനെയാണ് എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി ശിക്ഷിച്ചത്. 2016 സെപ്റ്റംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുറുപ്പംപടിയിലെ തടിമില്‍ തൊഴിലാളിയായിരുന്ന ബാബു ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന മകൻ വാസുദേവിനെയാണ് കൊലപ്പെടുത്തിയത്. 

സംഭവ ദിവസം ബാബുവിന്‍റെ ഭാര്യ രാജി വീട്ടിലുണ്ടായിരുന്നില്ല. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന വാസുദേവിന്‍റെ മുഖത്ത് ബാബു നനഞ്ഞ തുണിയുപയോഗിച്ച് അമര്‍ത്തിയും കഴുത്തില്‍ കൈകൊണ്ട് മുറുക്കിപ്പിടിച്ചും കൊലപ്പെടുത്തി. മൃതദേഹം പ്ലാസ്റ്റിക് ചാക്കിലാക്കി വീടിനടുത്തുള്ള റബര്‍ തോട്ടത്തിലെ പൊട്ടക്കിണറ്റില്‍ എറിഞ്ഞു. പിന്നാലെ ഇയാള്‍ നാടുവിട്ടു.

ജോലി കഴിഞ്ഞ് പിറ്റേന്ന് വീട്ടിലെത്തിയ രാജി ഭര്‍ത്താവിനെയും മകനെയും കാണാതായതോടെ പെരുമ്പാവൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ ബാബു പൊലീസില്‍ കീഴടങ്ങുകയായിരുന്നു. പഴനിയില്‍ പോയി തല മുണ്ഡനം ചെയ്ത ശേഷമായിരുന്നു കീഴടങ്ങല്‍. കട ബാധ്യത ഉണ്ടായിരുന്ന താൻ ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചിരുന്നെന്നും അങ്ങനെ വരുമ്പോള്‍ മകൻ അനാഥൻ ആകാതിരിക്കാനുമാണ് വാസുദേവിനെ കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.

സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി ഇതിനെ പരിഗണിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവിന് പുറമെ 10000 രൂപ പിഴയും എറണാകുളം അഡീഷണല്‍ സെഷൻസ് കോടതി വിധിച്ചിട്ടുണ്ട്.

click me!