ഫാത്തിമ ലത്തീഫിന്‍റെ ആത്മഹത്യ; സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് തമിഴ്നാട് പൊലീസ്

By Web TeamFirst Published Nov 14, 2019, 6:10 AM IST
Highlights

പ്രതിഷേധം ആളികത്തുമ്പോഴും അധ്യാപകര്‍ക്ക് എതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസിന്‍റെ നിലപാട്. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെടുന്നു.

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയരായ രണ്ട് അധ്യാപകരെ ചോദ്യം ചെയ്തു. ഒളിവിലുള്ള സുദര്‍ശന്‍ പത്മനാഭനെതിരെ സഹപാഠികള്‍ മൊഴി നല്‍കിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കേസ് സിബിഐക്ക് കൈമാറണമെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

പ്രതിഷേധം ആളികത്തുമ്പോഴും അധ്യാപകര്‍ക്ക് എതിരെ വ്യക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് തമിഴ്നാട് പൊലീസിന്‍റെ നിലപാട്. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ നിന്ന്, അധ്യാപകരായ സുദര്‍ശന്‍ പത്മനാഭന്‍, ഹേമചന്ദ്രന്‍, മിലിന്ദ് എന്നിവരുടെ മാനസിക പീഡനമാണ് ജീവനൊടുക്കാന്‍ കാരണമെന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിരുന്നു. ഫാത്തിമ ലത്തീഫിന്‍റെ മരണത്തിന് ശേഷം സുദര്‍ശന്‍ പത്മനാഭന്‍ ക്യാമ്പസില്‍ എത്തിയിട്ടില്ല. 

ഹേമചന്ദ്രന്‍, മിലിന്ദ് എന്നീ അധ്യാപകരെയും സഹപാഠികളെയും ഉള്‍പ്പടെ പതിമൂന്ന് പേരെ പൊലീസ് ചോദ്യം ചെയ്തു. ഫാത്തിമ പലപ്പോഴും ഒറ്റയ്ക്കിരുന്ന് കരയുന്നത് കണ്ടിട്ടുണ്ടെന്ന് സഹപാഠികള്‍ പൊലീസിന് മൊഴി നല്‍കി. സുദര്‍ശന്‍ പത്മനാഭന്‍ പഠിപ്പിക്കുന്ന ലോജിക്ക് പേപ്പറിന് 20ല്‍ 13മാര്‍ക്കാണ് ഫാത്തിമയ്ക്ക് ലഭിച്ചത്. അഞ്ച് മാര്‍ക്കിന് കൂടി അര്‍ഹതയുണ്ടെന്ന് ചൂണ്ടികാട്ടി ഫാത്തിമ വകുപ്പ് മേധാവിയെ സമീപിച്ചിരുന്നു. അന്ന് വൈകിട്ടോടെയാണ് ഫാത്തിമ ലത്തീഫിനെ സരയൂ ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ശേഷം ഇന്‍റഡ്രേറ്റഡ് എംഎ വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സെമസ്റ്റര്‍ പരീക്ഷകളും നീട്ടി വച്ചു.

click me!