യുഎന്‍എയിലെ സാമ്പത്തിക ക്രമക്കേട്: 4 പേർക്കെതിരെ കേസ്, ജാസ്മിൻ ഷാ ഒന്നാം പ്രതി

By Web TeamFirst Published Jun 11, 2019, 4:52 PM IST
Highlights

സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് കേസ്.ക്രൈം ബ്രാഞ്ചാണ് കേസെടുത്തത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപി ഉത്തരവിട്ടിരുന്നു. 

തിരുവനന്തപുരം: യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ 4 പേർക്കെതിരെ കേസെടുത്തു. ദേശീയ പ്രസിഡന്‍റെ ജാസ്മിൻ ഷായാണ് ഒന്നാം പ്രതി. സാമ്പത്തിക തട്ടിപ്പ്, വ്യാജരേഖയുണ്ടാക്കൽ എന്നിവയ്ക്കാണ് ക്രൈം ബ്രാഞ്ച് കേസെടുത്തത്. യുണൈറ്റഡ് നേഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേടിൽ കേസ് രജിസ്റ്റർ ചെയ്യാൻ ഡിജിപി ഉത്തരവിട്ടിരുന്നു. മൂന്നര കോടിയുടെ അഴിമതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ക്രൈം ബ്രാഞ്ച് എഡിജിപിയുടെ ശുപാർശയിലായിരുന്നു ഉത്തരവ്. 

യുഎൻഎയുടെ ബാങ്ക് അക്കൗണ്ടുകള്‍ സഹിതമാണ് സംഘടനയുടെ മുൻ വൈസ് പ്രസിഡൻറ് സി ബി മുകേഷ് ഡിജിപിക്ക് പരാതി നൽകിയിരുന്നത്. 2017 ഏപ്രിൽ മുതൽ ഇക്കഴിഞ്ഞ ജനുവരി വരെ അക്കൗണ്ടിലേക്കെത്തിയ മൂന്നര കോടിരൂപ തട്ടിയെടുത്തെന്നാണ് പരാതി. ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉള്‍പ്പെടെ മൂന്ന് പേരാണ് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്തിരുന്നതെന്നും പരാതിയിൽ പറഞ്ഞിരുന്നു. 

കോടികളുടെ ക്രമക്കേടായതിനാൽ കേസ് രജിസ്റ്റർ ചെയ്ത് ഓഡിറ്റ് നടത്തണമെന്നായിരുന്നു ഇതേ കുറിച്ച് അന്വേഷിച്ച ശേഷം ക്രൈം ബ്രാഞ്ച് എഡിജിപി ശുപാർശ ചെയ്തത്. കാഷ് ബുക്ക്, മിനിറ്റ്സ്, വൗച്ചർ എന്നിവ ഫൊറൻസിക് പരിശോധനക്കയണമെന്നും ക്രൈം ബ്രാഞ്ച് ശുപാർശ ചെയ്തിരുന്നു. ഡിജിപിക്ക് നൽകിയ പരാതി ആദ്യമന്വേഷിച്ചത് തൃശൂർ ക്രൈം ബ്രാ‌ഞ്ച് യൂണിറ്റാണ്. ക്രമക്കേടുകളില്ലെന്നായിരുന്നു ആദ്യ റിപ്പോർ‍ട്ട്. എന്നാൽ പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്തായെയുള്ള റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട പരാതിക്കാർ വീണ്ടും ക്രൈം ബ്രാഞ്ച് മേധാവിയെ സമീപിച്ചതോടെ തിരുവനന്തപുരം യൂണിറ്റിന് അന്വേഷണം കൈമാറി. 

വീണ്ടും കേസന്വേഷിച്ച തിരുവനന്തപുരം യൂണിറ്റാണ് കേസെടുക്കാനുള്ള ശുപാർശ നൽകിയത്. ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെ തൃശൂരിലെ ഓഫീസിൽ നിന്നും രേഖകള്‍ മോഷണം പോയെന്ന് കാണിച്ചത് തൃശൂർ കമ്മീഷണർക്ക് യുഎൻഎ ഭാരവാഹികള്‍ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ അന്വേഷണം നടന്നുവരുകയാണ്.
 

click me!